അനുമതിയില്ലാതെ സൗദി സന്ദര്‍ശിച്ചതിന് സസ്‌പെന്‍ഷന്‍; മെസി ഇനി പി.എസ്.ജിയില്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്
Football
അനുമതിയില്ലാതെ സൗദി സന്ദര്‍ശിച്ചതിന് സസ്‌പെന്‍ഷന്‍; മെസി ഇനി പി.എസ്.ജിയില്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd May 2023, 3:19 pm

പി.എസ്.ജിയുടെ അനുവാദമില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതിന് ലയണല്‍ മെസിയെ ക്ലബ്ബ് സസ്‌പെന്റ് ചെയിതിരുന്നു. താരത്തെ രണ്ടാഴ്ചത്തേക്ക് മത്സരങ്ങളില്‍ നിന്ന് വിലക്കുകയും അത്രയും ദിവസത്തെ വേതനം റദ്ദാക്കുകയുമാണ് പി.എസ്.ജി ചെയ്തത്. പാരീസിയന്‍ ക്ലബ്ബിന്റെ നടപടിക്ക് പിന്നാലെ മെസി അടുത്ത സീസണില്‍ കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ലോയിക് ടാന്‍സിയുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ വിവരം പുറത്തുവിടുകയായിരുന്നു.

ലീഗ് വണ്ണില്‍ ലോറിയന്റിനെതിരായ മത്സരത്തിലേറ്റ തോല്‍വിക്ക് പിന്നാലെയായിരുന്നു മെസിയുടെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം. സൗദി അറേബ്യന്‍ ടൂറിസത്തിന്റെ അംബാസിഡറായ മെസി പി.എസ്.ജിയോട് അനുവാദം ചോദിച്ചിരുന്നെങ്കിലും താരത്തിന് അനുമതി ലഭിച്ചിരുന്നില്ലെന്നും തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം മെസി സൗദിയിലേക്ക് പോവുകയുമായിരുന്നെന്ന് സ്‌പോര്‍ട്‌സ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

ഈ സീസണിന്റെ അവസാനത്തോടെ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെയാണ് വിവാദ സംഭവം നടന്നതെന്നും സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുന്നത് വരെ ക്ലബ്ബില്‍ പരിശീലനം നടത്തുന്നതില്‍ നിന്ന് താരത്തെ വിലക്കിയിട്ടിട്ടുണ്ടെന്നും ടാന്‍സി റിപ്പോര്‍ട്ട് ചെയ്തു.

2021ലാണ് മെസി ബാഴ്‌സലോണ എഫ്.സിയില്‍ നിന്ന് ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയിലേക്ക് ചേക്കേറുന്നത്. പാരീസിയന്‍ ക്ലബ്ബിനായി ഇതുവരെ കളിച്ച 71 മത്സരങ്ങളില്‍ നിന്ന് 31 ഗോളും 34 അസിസ്റ്റുകളുമാണ് മെസിയുടെ സമ്പാദ്യം.

അതേസമയം, മെസിയുടെ ക്ലബ്ബ് ഫുട്‌ബോള്‍ ഭാവി അനിശ്ചിതത്വത്തിലാണ്. വരുന്ന ജൂണില്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റാകുന്ന താരം ഏത് ക്ലബ്ബുമായി സൈനിങ് നടത്തുമെന്നുള്ള കാര്യത്തില്‍ തന്റെ തീരുമാനം അറിയിച്ചിട്ടില്ല.

ഖത്തര്‍ ലോകകപ്പിന് മുമ്പ് തന്നെ മെസിയുടെ കരാര്‍ പുതുക്കുന്നതിനുള്ള കടലാസുകള്‍ പി.എസ്.ജി മേശപ്പുറത്ത് എത്തിച്ചിരുന്നെങ്കിലും താരം ഒപ്പ് വെക്കാന്‍ തയ്യാറായിരുന്നില്ല. ലോകകപ്പിന് ശേഷവും പി.എസ്.ജി താരവുമായി ധാരണയിലെത്താന്‍ ശ്രമിച്ചിരുന്നെങ്കിലും വിഫലമാവുകയായിരുന്നു. ഇതോടെ മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് തിരികെ പോകുമെന്നുള്ള അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

എന്നിരുന്നാലും മെസി വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. താരം പി.എസ്.ജിയില്‍ തുടരില്ലെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ബാഴ്‌സയിലേക്ക് മടങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Content Highlights: Lionel Messi will not play with PSG in next season, report