ഫ്രഞ്ച് കപ്പില്‍ പെയ്‌സ് ഡി കാസലുമായി നടക്കുന്ന പി.എസ്.ജിയുടെ മത്സരത്തില്‍ മെസിയെ കളിപ്പിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍.
മത്സരത്തിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ മെസിയുടെ പേര് കാണാത്തതില്‍ ആരാധകര്‍ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഫെബ്രുവരി 14ന് നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ വമ്പന്‍ ക്ലബ്ബായ ബയേണ്‍ മ്യുണീക്കിനെ നേരിടേണ്ടതിനാല്‍ മെസിക്ക് വിശ്രമം നല്‍കിയിട്ടുണ്ടെന്നും അതിനാലാണ് പി.എസ്.ജിയുടെ അടുത്ത മാച്ചില്‍ നിന്ന് മെസിയെ ഒഴിവാക്കിയതെന്നും കോച്ച് ഗാള്‍ട്ടിയര്‍ പറഞ്ഞു. താരത്തിന്റെ അഭാവത്തിന് പിന്നില്‍ പരിക്കിന്റെ യാതൊരു ആശങ്കയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത് രണ്ടാം തവണയാണ് കോപ്പ ഡി ഫ്രാന്‍സില്‍ മെസി കളിക്കാതിരിക്കുന്നത്. ലോകകപ്പിന് ശേഷം പാരീസില്‍ തിരിച്ചെത്തിയ താരം ലീഗ് വണ്ണില്‍ ഇതുവരെ രണ്ട് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. ഇതിനുപുറമെ സൗദിയില്‍ നടന്ന റിയാദ് ഓള്‍ സ്റ്റാര്‍ ഇലവനിലും മെസി കളിച്ചിരുന്നു.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ നായകനായെത്തിയ റിയാദ് ഓള്‍ സ്റ്റാറിനെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പി.എസ്.ജി തോല്‍പ്പിച്ചിരുന്നു. പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ ഈ സീസണിലെ 21 മത്സരങ്ങളില്‍ 13 ഗോളും 14 അസിസ്റ്റും അക്കൗണ്ടിലാക്കാന്‍ മെസിക്ക് സാധിച്ചു.
അതേസമയം കോപ്പ ഡി ഫ്രാന്‍സില്‍ പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ സ്‌ക്വാഡില്‍ നെയ്മറും എംബാപ്പെയും ഉള്‍പ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഇന്ത്യന്‍ സമയം 1:15നാണ് മത്സരം.