അർജന്റൈൻ സൂപ്പർതാരം ലയണൽ മെസി ലോകകപ്പിന് ശേഷം ഏത് ക്ലബ്ബിലേക്ക് പോകുമെന്നാണ് ആരാധകർ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. നിലവിൽ സ്പാനിഷ് ക്ലബ്ബായ പാരീസ് സെന്റ് ഷെർമാങ്ങിന് വേണ്ടിയാണ് താരം ബൂട്ടുകെട്ടുന്നത്. എന്നാൽ ക്ലബ്ബുമായുള്ള താരത്തിന്റെ കരാർ അവസാനിക്കാനിരിക്കുകയാണ്.
പി.എസി.ജി മെസിയുമായുള്ള കരാർ പുതുക്കാൻ ശ്രമിച്ചിരുന്നെങ്കിലും ലോകകപ്പ് കഴിഞ്ഞ് തീരുമാനം അറിയിക്കാമെന്നായിരുന്നു മെസി പറഞ്ഞിരുന്നത്. അതേസമയം താരം ബാഴ്സലോണയിലേക്ക് തിരിച്ച് പോകുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.
എന്നാൽ ഇനി ബാഴ്‌സലോണയിലേക്ക് തിരിച്ച് പോകില്ല എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.
2021ൽ എഫ്.സി ബാഴ്‌സലോണയിൽ നിന്ന് പുറത്തു പോരേണ്ടി വന്നതിന്റെ ദുഃഖം മെസിയിൽ ഇപ്പോഴും ഉണ്ടെന്നും ബാഴ്‌സലോണ പ്രസിഡന്റായ ലാപോർട്ടയുടെ പെരുമാറ്റമാണ് ക്ലബ്ബിൽ നിന്ന് താരത്തിന്റെ പുറത്താകലിനു വഴി തെളിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
അതുകൊണ്ട് ബാഴ്‌സലോണയിലേക്ക് ലയണൽ മെസി തിരികെ എത്തില്ല എന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബാഴ്‌സയിലേക്ക് മെസി തിരികെ എത്താതിരിക്കാനുള്ള മറ്റൊരു കാരണം ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധിയാണ്. ലയണൽ മെസിയെ പോലുള്ള സൂപ്പർ താരത്തെ സ്വന്തമാക്കാൻ മാത്രം സാമ്പത്തിക കെട്ടുറപ്പ് ഇപ്പോൾ എഫ്.സി ബാഴ്‌സലോണക്ക് ഇല്ലെന്നതാണ് വാസ്തവം.
അതേസമയം പി.എസ്.ജിയുമായി ഒരു വർഷത്തേക്ക് കരാർ നീട്ടാൻ മെസി സമ്മതിച്ചതായി സൂചനയുണ്ട്. പി.എസ്.ജിയെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കുക എന്ന അന്തിമ ലക്ഷ്യം കൂടി മെസിക്കുണ്ടെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ സീസണിൽ പി.എസ്.ജിക്കായി തിളങ്ങാനായില്ലെങ്കിലും ഈ സീസണിൽ ഗോളുകളും അസിസ്റ്റുകളുമായി മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്.