ലയണല്‍ മെസിക്കൊപ്പം ബാഴ്സലോണ താരങ്ങളായ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും ജോര്‍ധി ആല്‍ബയും സൗദി അറേബ്യന്‍ ക്ലബ്ബിലേക്ക് പോകുമെന്ന് മുന്‍ ബാഴ്സലോണ പരിശീലകന്‍ റൊണാള്‍ഡ് കൂമാന്‍. മെസി ബാഴ്സലോണയിലേക്ക് മടങ്ങുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം ഇ.എസ്.പി.എന്നിനോട് പറഞ്ഞു.
‘ബാഴ്സലോണ വലിയ പണം മുടക്കി സ്റ്റേഡിയം പുതുക്കുന്നത് കാണുമ്പോള്‍ എനിക്ക് ആശ്ചര്യം തോന്നുന്നു. വലിയ കട ബാധ്യതകള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. മെസി ബാഴ്സലോണയില്‍ തിരികെയെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല.
ബാഴ്സലോണയില്‍ നിന്ന് ബുസ്‌ക്വെറ്റ്സും ജോര്‍ധി ആല്‍ബയും ഈ സീസണിന്റെ അവസാനത്തോടെ വിടവാങ്ങും. അവര്‍ മൂന്ന് പേരും ഉറ്റ ചങ്ങാതിമാരാണ്. അവര്‍ ഒരുമിച്ച് സൗദി അറേബ്യയിലേക്കോ ഇന്റര്‍ മിയാമിയിലേക്കോ പോയാല്‍ അതെന്നെ ആശ്ചര്യപ്പെടുത്തില്ല,’ കൂമാന്‍ പറഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അല്‍ നസര്‍ സ്വന്തമാക്കിയതിന് പിന്നാലെ കൂടുതല്‍ താരങ്ങളെ തങ്ങളുടെ തട്ടകത്തിലെക്കാനുള്ള തത്രപ്പാടിലാണ് സൗദി അറേബ്യന്‍ ക്ലബ്ബുകള്‍. ഈ സീസണിന്റെ അവസാനത്തോടെ ലയണല്‍ മെസിയുമായി അല്‍ ഹിലാല്‍ സൈന്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ബാഴ്‌സലോണയുടെ സ്പാനിഷ് താരം ജോര്‍ധി ആല്‍ബയെ അല്‍ ഹിലാല്‍ സ്വന്തമാക്കാനൊരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം ഫ്രഞ്ച് ജേണലിസ്റ്റായ മുഹമ്മദ് ബുഹാഫ്‌സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വരാനിരിക്കുന്ന സീസണില്‍ മെസിയടക്കം സൗദി ക്ലബ്ബ് സൈന്‍ ചെയ്യാന്‍ ഒരുങ്ങുന്ന മൂന്ന് താരങ്ങളില്‍ ഒരാളാണ് ആല്‍ബയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇതിനുപുറമെ ബാഴ്‌സലോണയില്‍ നിന്ന് കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ച സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിനെ സൗദിയിലെ മറ്റൊരു ക്ലബ്ബായ അല്‍ സഈം നോട്ടമിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ബുസ്‌ക്വെറ്റ്‌സിന്റെ കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ആല്‍ബയുമായി സൗദി ക്ലബ്ബ്
ഏകദേശ ധാരണയിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.