അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ ക്ലബ്ബ് ഫുട്‌ബോള്‍ ഭാവി അനിശ്ചിതത്വത്തിലാണ്. ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങുമായുള്ള മെസിയുടെ കരാര്‍ വരുന്ന ജൂണില്‍ അവസാനിക്കും. ഖത്തര്‍ ലോകകപ്പിന് ശേഷം താരം ക്ലബ്ബുമായുള്ള കരാര്‍ പുതുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഒരു നീക്കവും നടന്നിട്ടില്ല. മാത്രമല്ല, പാരീസില്‍ മെസി ഇനി തുടരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മെസി തന്റെ മുന്‍ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് തിരിച്ച് പോകാന്‍ സാധ്യതയുണ്ടെന്നാണ് സ്പാനിഷ് മാധ്യമപ്രവര്‍ത്തകന്‍ ജെറാര്‍ഡ് റൊമേറോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
താരം തന്റെ മുന്‍ ക്ലബ്ബിലേക്ക് തിരികെ പോകാന്‍ 60 ശതമാനം സാധ്യതയുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ട്വിറ്റ് ചാനലില്‍ സംസാരിക്കവെയാണ് റൊമേറോ മെസിയുടെ ട്രാന്‍സ്ഫര്‍ സംബന്ധ കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്.
ബാഴ്‌സ തങ്ങളുടെ 10ാം നമ്പര്‍ ജേഴ്‌സിയിലേക്ക് മുന്‍ സൂപ്പര്‍താരമായ ലയണല്‍ മെസിയെ പ്രതീക്ഷിച്ചിരിക്കുകയാണെന്നും താരത്തെ ക്ലബ്ബിലെത്തിക്കാന്‍ വേണ്ടതെല്ലാം ബാഴ്‌സ ചെയ്യുന്നുണ്ടെന്നും റൊമോറോ പറഞ്ഞു.
ജൂണില്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കുന്ന മെസി തുടര്‍ന്ന് ഫ്രീ ഏജന്റ് ആയി മാറും, ഇതോടെയാണ് താരത്തെ സ്വന്തമാക്കാനായി ബാഴ്‌സ ശ്രമം നടത്തുന്നത് എന്നാണ് പുറത്ത് വരുന്ന മറ്റ് റിപ്പോര്‍ട്ടുകള്‍.
ഇതിനുപുറമെ, സാവിയുടെ കളി ശൈലിക്ക് അനുസൃതമായി ക്ലബ്ബില്‍ സ്‌ക്വാഡിനെ തയ്യാറാക്കുന്നതിന്റെ ഭാഗമായി നിരവധി പ്ലെയേഴ്‌സിനെ ഒഴിവാക്കാനും പകരം പുതിയ താരങ്ങളെ ക്ലബ്ബിലെത്തിക്കാനും ബാഴ്‌സ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
നിലവില്‍ പി.എസ്.ജിയില്‍ മികച്ച ഫോമില്‍ തുടരുകയാണ് മെസി. കഴിഞ്ഞ 31 മത്സരങ്ങളില്‍ നിന്ന് 18 ഗോളും 17 അസിസ്റ്റുകളുമാണ് താരം അക്കൗണ്ടിലാക്കിയത്.