2026 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീനയുടെ ടീമിനൊപ്പം സൂപ്പര്‍ താരം ലയണല്‍ മെസി ചേര്‍ന്നതോടെ മെസിയില്ലാതെയായിരിക്കും ഇന്റര്‍ മയാമി വരാനിരിക്കുന്ന മത്സരങ്ങള്‍ കളിക്കേണ്ടിവരുക. സെപ്റ്റംബര്‍ എട്ടിന് ഇക്വഡോറിനെതിരെയും 13ന് ബൊളീവിയക്കുമെതിരെയുമാണ് അര്‍ജന്റീനയുടെ മത്സരങ്ങള്‍ നടക്കുക.
സെപ്തംബര്‍ നാലിന് നടന്ന മത്സരത്തില്‍ ലോസ് ഏഞ്ചലസ് എഫ് സിക്കെതിരെ ഇരട്ട അസിസ്റ്റുമായി മിന്നും പ്രകടനം കാഴ്ചവെക്കുകയും ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തതിന് ശേഷമാണ് മെസി അര്‍ജന്റീന ടീമിനൊപ്പം ചേര്‍ന്നത്.
മെസിയുടെ വരവോട് കൂടി അനായാസ വിജയകുതിപ്പാണ് ഇന്റര്‍ മയാമി നടത്തുന്നത്. ലയണല്‍ മെസി ഇന്റര്‍ മയാമിക്ക് വേണ്ടി പത്ത് മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടികൊണ്ട് മിന്നും ഫോമിലാണ്.
എം.എല്‍.എസിന്റെ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സിന്റെ പ്ലേ ഓഫ് സ്പോട്ടില്‍ ഫിനിഷ് ചെയ്യാനുള്ള ശക്തമായ പോരാട്ടത്തിന് മത്സരിക്കുന്ന ഈ ഘട്ടത്തില്‍ മെസിയുടെ അഭാവം ടീമിന് ശക്തമായ തിരിച്ചടിയായിരിക്കും നല്‍കുക.
ഇന്റര്‍ മയാമി നിലവില്‍ ലീഗില്‍ 14ാം സ്ഥാനത്താണ്. ലീഗിന്റെ അവസാന ഘട്ടങ്ങളിലേക്ക് യോഗ്യത നേടുന്നതിനായി അഞ്ച് മത്സരങ്ങളും എട്ട് പോയിന്റും അകലെയാണ് ഇപ്പോള്‍ ടീം ഉള്ളത്. അതുകൊണ്ട് സൂപ്പര്‍ താരമില്ലാതെ കളിക്കേണ്ടി വരുന്നത് ഇന്റര്‍ മയാമിക്ക് വലിയ തിരിച്ചടിയാകും സൃഷ്ടിക്കുക.
അര്‍ജന്റീനക്ക് ഒക്ടോബര്‍ മാസം 13 ന് പരാഗ്വേക്കെതിരെയും 18 ന് പെറുവിനെതിരെയും മത്സരങ്ങളുണ്ട് . അതിനാല്‍ ഒക്ടോബര്‍ 19 ന് ഷാര്‍ലറ്റിനെതിരെയുള്ള ഇന്റര്‍ മയാമിയുടെ മത്സരത്തില്‍ മെസിക്ക് കളിക്കാനാവില്ല. സൂപ്പര്‍ താരത്തിന്റെ അഭാവം വലിയ നിരാശയാണ് ഇന്റര്‍ മയാമി ആരാധകര്‍ക്ക് സമ്മാനിക്കുന്നത്.
Content Highlights: Lionel Messi will join with Argentina