ഖത്തര്‍ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ താരമാണ് ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ. എട്ട് ഗോളുകളാണ് താരം ഖത്തര്‍ ലോകകപ്പില്‍ നേടിയത്. അര്‍ജന്റീനക്കെതിരായ ഫൈനല്‍ പോരാട്ടത്തില്‍ ഹാട്രിക് നേടാനും താരത്തിനായി.
എന്നാല്‍ ഏഴ് ഗോളുകള്‍ സ്വന്തമാക്കി തൊട്ടുപുറകെ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയുമുണ്ട്. 24കാരനായ എംബാപ്പെയും 35കാരനായ മെസിയും തമ്മിലായിരുന്നു വാശിയേറിയ പോരാട്ടം അരങ്ങേറിയിരുന്നത്.
ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിലെ സഹതാരങ്ങളായ ഇരുവരും മികച്ച ഫോമിലാണ് സീസണില്‍ തുടരുന്നത്. അടുത്ത ബാലണ്‍ ഡി ഓര്‍ ആര് നേടുമെന്ന ചര്‍ച്ച വ്യാപകമായിക്കൊണ്ടിരിക്കെ പ്രവചനവുമായി എത്തിയിരിക്കുകയാണ് ബാഴ്‌സലോണയുടെ പോളിഷ് സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി.
ലോകത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം എട്ടാം തവണയും സൂപ്പര്‍ താരം ലയണല്‍ മെസി സ്വന്തമാക്കുമെന്നാണ് ലെവന്‍ഡോവ്സ്‌കി പറഞ്ഞത്. ഈ സീസണിലെ വിജയിയെ തീരുമാനിക്കുന്നത് ലോകകപ്പിലെ വിജയമായിരിക്കുമെന്നും ലെവന്‍ഡോസ്‌കി അഭിപ്രായപ്പെട്ടു.
ലോകകപ്പ് ഫൈനലില്‍ രണ്ട് ഗോള്‍ ഉള്‍പ്പെടെ ടൂര്‍ണമെന്റില്‍ ഏഴ് ഗോളും മൂന്ന് അസിസ്റ്റുകളും അക്കൗണ്ടിലാക്കിയ മെസി ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയിരുന്നു. ഇതോടെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള പട്ടികയില്‍ എംബാപ്പെയേക്കാള്‍ മുകളിലാണ് മെസിയെന്നാണ് ലെവന്‍ഡോസ്‌കി പറയുന്നത്.
ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ അര്‍ജന്റീന ചാമ്പ്യന്മാരാകുമെന്ന് തനിക്ക് അറിയാമായിരുന്നെന്നും സൗദി അറേബ്യക്കെതിരെ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയപ്പോഴും താന്‍ അതുതന്നെയാണ് വിശ്വസിച്ചിരുന്നതെന്നും ലെവന്‍ഡോസ്‌കി പറഞ്ഞു.
”ഞാന്‍ ലോകകപ്പിന് മുമ്പ് തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അര്‍ജന്റീനയാണ് കിരീട ഫേവറിറ്റുകള്‍ എന്ന് ആര് എപ്പോള്‍ ചോദിച്ചാലും ഞാന്‍ പറയുമായിരുന്നു.
സൗദി അറേബ്യക്കെതിരെ ആദ്യത്തെ മത്സരത്തില്‍ തോല്‍വി വഴങ്ങിയപ്പോഴും അവര്‍ തന്നെ ഫൈനലില്‍ എത്തുമെന്നും വിജയം നേടുമെന്നും എനിക്കുറപ്പായിരുന്നു, ലെവന്‍ഡോസ്‌കി വ്യക്തമാക്കി.
ലീഗ് വണ്ണില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പി.എസ്.ജി വിജയിച്ചിരുന്നു. ലെന്‍സിനെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ ജയം. മെസി, എംബാപ്പെ, വിറ്റിന്‍ഹ എന്നിവര്‍ പി.എസ്.ജിക്കായി ഓരോ ഗോളുകള്‍ നേടിയപ്പോള്‍ ഫ്രാങ്കോസ്‌കി ലെന്‍സിനായി ഒരു ഗോള്‍ നേടി.