കഴിഞ്ഞ മാസമാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിയുന്നത്. രണ്ട് വര്‍ഷത്തെ കരാര്‍ അവസാനിച്ചതിന് ശേഷം താരം പാരീസിയന്‍ ക്ലബ്ബില്‍ നിന്ന് പടിയിറങ്ങുകയായിരുന്നു.
തുടര്‍ന്ന് താരം തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മടങ്ങുമെന്നാണ് ആരാധകര്‍ ഒന്നടങ്കം കരുതിയിരുന്നതെങ്കിലും ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മെസി അമേരിക്കന്‍ ലീഗായ എം.എല്‍.എസുമായി ധാരണയിലെത്തുകയായിരുന്നു.
രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇന്റര്‍ മിയാമിയുമായി ഒപ്പുവെക്കുക. ഇരുകൂട്ടര്‍ക്കും സമ്മതമെങ്കില്‍ ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടും. ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിയില്‍ മെസി എപ്പോള്‍ അരങ്ങേറ്റം കുറിക്കുമെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.
ജൂലൈയില്‍ അമേരിക്കന്‍ ക്ലബ്ബിന്റെ ജേഴ്‌സിയണിയുന്ന താരം പ്രീമിയര്‍ ലീഗ് വമ്പന്മാരായ ആഴ്‌സണലുമായി ഏറ്റുമുട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വരുന്ന മാസം ആഴ്‌സണല്‍ തങ്ങളുടെ പ്രീ സീസണില്‍ എ.എസ്. മൊണാക്കോ, എഫ്.സി നേണ്‍ബര്‍ഗ്, ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, എം.എല്‍.എസ്. ഓള്‍ സ്റ്റാര്‍സ് എന്നീ ക്ലബ്ബുകളായി ഏറ്റുമുട്ടും.