Football
അര്‍ജന്റൈന്‍ ഇതിഹാസം ഒരിക്കല്‍ കൂടി ബാഴ്‌സയുടെ ക്യാപ്റ്റന്‍സി കുപ്പായമണിയാന്‍ പോകുന്നു; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
2023 May 26, 03:15 am
Friday, 26th May 2023, 8:45 am

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തിയാല്‍ ഒരിക്കല്‍ കൂടി ക്ലബ്ബിന്റെ ക്യാപ്റ്റനാകുമെന്ന് റിപ്പോര്‍ട്ട്. ബ്ലൂഗ്രാനയുടെ ഡ്രസിങ് റൂം ചര്‍ച്ചകളില്‍ ആര്‍ക്കും എതിരഭിപ്രായമുള്ളതായി അനുഭവപ്പെട്ടിട്ടില്ലെന്നും താരങ്ങള്‍ ഒന്നടങ്കം മെസിയുടെ വരവും കാത്തിരിക്കുകയാണെന്നും ബാഴ്‌സ ഒഫീഷ്യല്‍സിനെ ഉദ്ധരിച്ച് എ.എസ് റിപ്പോര്‍ട്ട് ചെയ്തു.

സെര്‍ജി റോബര്‍ട്ടോയും മാര്‍ക്ക് ആന്ദ്രെ ടെര്‍ സ്റ്റെഗനും മാത്രമായിരിക്കും അടുത്ത സീസണില്‍ ക്ലബ്ബില്‍ ശേഷിക്കുന്ന ക്യാപ്റ്റന്‍മാര്‍. ജെറാര്‍ഡ് പിക്വെ ഈ വര്‍ഷം ക്ലബ്ബില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ക്യാപ്റ്റന്‍സിക്ക് യോഗ്യതയുള്ള സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സും ജോര്‍ധി ആല്‍ബയും ഈ സീസണിന്റെ അവസാനത്തോടെ ക്യാമ്പ് നൗവിന്റെ പടിയിറങ്ങും. ക്ലബ്ബില്‍ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ മെസിയെ ക്ലബ്ബില്‍ തിരിച്ചെത്തിക്കണമെങ്കില്‍ മൂവരുടെയും പുറത്താകല്‍ നിര്‍ണായകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2018-19 സീസണില്‍ മധ്യനിരതാരം ആന്ദ്രിയാസ് ഇനിയേസ്റ്റ ക്ലബ്ബ് വിട്ടപ്പോഴായിരുന്നു ലയണല്‍ മെസി ആദ്യമായി ബാഴ്‌സയുടെ ക്യാപ്റ്റന്‍സി പട്ടം അണിയുന്നത്. ക്ലബ്ബിന്റെ നായകനായതില്‍ താന്‍ ഒത്തിരി സന്തോഷവാനാണെന്നും അഭിമാനം കൊള്ളുന്നുവെന്നും മെസി അന്ന് പറഞ്ഞിരുന്നു.

‘ക്ലബ്ബിന്റെ ക്യാപ്റ്റനാകാന്‍ പറ്റിയതില്‍ ഞാന്‍ അതീവ സന്തോഷവാനാണ്. ഞാനതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു. ഒരു ക്ലബ്ബിന്റെ ക്യാപ്റ്റനാവുക എന്നതിന്റെ അര്‍ത്ഥം എനിക്ക് വ്യക്തമായി അറിയാം. മാതൃകയാക്കാന്‍ ഒരുപാട് ക്യാപ്റ്റന്‍മാരെ ഞാനിവിടെ കണ്ടിട്ടുണ്ട്. കാള്‍സ് പുയോള്‍, സാവി ഹെര്‍ണാണ്ടസ്, ആന്ദ്രേസ് ഇനിയേസ്റ്റ എന്നിവര്‍ അതിനുദാഹരണങ്ങളാണ്. അവരെയെല്ലാം മിസ് ചെയ്യും. പക്ഷെ ഈ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോള്‍ എന്റെ ഭാഗത്ത് നിന്ന് ഒരു വീഴ്ചയും സംഭവിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കും,’ എന്നാണ് മെസി അന്ന് പറഞ്ഞത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം ക്ലബ്ബിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് മെസി പറഞ്ഞിരുന്നെങ്കിലും താരത്തിന് അത് സാധിച്ചിരുന്നില്ല. തുടര്‍ന്ന് 2021ല്‍ മെസി ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയിലേക്ക് ചേക്കേറി. പാരീസിയന്‍ ക്ലബ്ബിലെ അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കുമൊടുവില്‍ താരം ഈ സീസണിന്റെ അവസാനത്തോടെ ക്ലബ്ബ് വിടാന്‍ ഒരുങ്ങുകയാണ്. പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ച് ഫ്രീ ഏജന്റാകുന്ന മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്നാണ് ആളുകള്‍ ഒന്നടങ്കം വിശ്വസിക്കുന്നതെങ്കിലും മെസി വിഷയത്തില്‍ ഔദ്യാഗിക പ്രതികരണം നടത്തിയിട്ടില്ല.

Content Highlights: Lionel Messi will be the captain when he returns to Barcelona