ഖത്തര്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ട് നെതര്‍ലന്‍ഡ്‌സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയായിരുന്നു. മത്സരത്തിന്
ശേഷം ലയണല്‍ മെസി ഡച്ച് ടീമിലെ ചില താരങ്ങളോടും കോച്ച് വാന്‍ ഗാലിനോടും ദേഷ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് മെസിയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയിരുന്നത്.
അന്ന് മെസി പ്രകോപിതനായതിന് പിന്നില്‍ നെതര്‍ലന്‍ഡ്‌സ് കോച്ച് വാന്‍ ഗാല്‍ ആയിരുന്നെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ അര്‍ജന്റൈന്‍ ഇതിഹാസം റിക്വല്‍മെ. മത്സരത്തിന് മുമ്പ് വാന്‍ ഗാല്‍ മെസിയെ പരിഹസിച്ചതാണ് താരത്തെ ദേഷ്യം പിടിപ്പിച്ചതെന്നും അത് പിന്നീട് വാശിയായി മാറുകയായിരുന്നെന്നും റിക്വല്‍മെ പറഞ്ഞു.
2014 ലോകകപ്പില്‍ ഓറഞ്ച് പടകളോട് ഏറ്റുമുട്ടിയപ്പോള്‍ മെസി കളിയില്‍ ഒരു സംഭാവനയും ചെയ്തിട്ടില്ലെന്ന് പറഞ്ഞ വാന്‍ ഗാല്‍ മത്സരത്തില്‍ താരം വെറും കാഴ്ചക്കാരനായി നോക്കി നില്‍ക്കുകയായിരുന്നെന്ന് മെസിയോട് പറയുകയായിരുന്നെന്നും അതാണ് താരത്തെ ചൊടിപ്പിച്ചതെന്നും റിക്വല്‍മെ വ്യക്തമാക്കി.
‘ഫുട്‌ബോളില്‍ ചെയ്യാന്‍ പാടില്ലാത്തതായി ചിലതുണ്ട്. മത്സരത്തിന് മുമ്പ് ഒരിക്കലും ഒരു മികച്ച താരത്തെ പ്രകോപിപ്പിക്കരുത്. അതിനുള്ള മറുപടി അവര്‍ കാട്ടുക കളത്തിലായിരിക്കും.
മെസിയും അതുതന്നെ ചെയ്തു. മത്സരത്തിന് മുമ്പ് ദേഷ്യം പിടിപ്പിക്കുന്നതിന് മുമ്പ് ഒന്ന് കെട്ടിപ്പിടിക്കുകയോ ഉമ്മ വെക്കുകയോ ചെയ്തിരുന്നെങ്കില്‍ നിങ്ങളെ തോല്‍പ്പിക്കണമെന്ന് അവന്‍ ആഗ്രഹിക്കുമായിരുന്നില്ല.
അന്ന് വാന്‍ ഗാല്‍ ചെയ്തത് ഞങ്ങള്‍ക്ക് ഗുണം ചെയ്തു. മെസിക്കൊരു പ്രത്യേകതയുണ്ട്, അവന് ദേഷ്യം പിടിച്ചാല്‍ മറ്റുള്ളവരെ പോലെ കളിയില്‍ നിന്ന് പുറത്താവില്ല. വാശിയോടെ കളിച്ച് കളി ജയിക്കും,’ റിക്വല്‍മെ പറഞ്ഞു.
മത്സരത്തില്‍ ജയിച്ചതിന് ശേഷം മെസി വാന്‍ ഗാലിനെതിരെ റിക്വല്‍മെയുടെ ഗോള്‍ സെലിബ്രേഷന്‍ രീതി ആയിരുന്നു പ്രയോഗിച്ചത്.
Content Highlights: Lionel Messi was provoked by Netherlands coach Van Gaal before the quarter final match