കോപ്പ ആമേരിക്കക്കും ഫൈനലിസിമക്കും ശേഷം ലോകകപ്പ് എന്ന ലക്ഷ്യവുമായാണ് അര്‍ജന്റീന ഖത്തറിലെത്തിയിരിക്കുന്നത്. അര്‍ജന്റീന കപ്പുയര്‍ത്തുമെന്ന് ആരാധകര്‍ ഉറച്ചുവിശ്വസിക്കുമ്പോള്‍ പരാജയമറിയാതെയുള്ള അവരുടെ കുതിപ്പിന് ഖത്തറില്‍ വിരാമമാകുമോ എന്നതാണ് എതിരാളികള്‍ ഉറ്റുനോക്കുന്ന പ്രധാന കാര്യം.
2019 കോപ്പയിലെ ലൂസേഴ്‌സ് ഫൈനലില്‍ പരാജയപ്പെട്ടതിന് ശേഷം 35 മത്സരങ്ങളില്‍ സ്‌കലോണിയുടെ കുട്ടികള്‍ തോല്‍വിയറിഞ്ഞിട്ടില്ല. ഈ അപരാജിത കുതിപ്പ് ഖത്തറിലും തുടരാന്‍ തന്നെയാണ് മെസിയും അര്‍ജന്റീനയും ഒരുങ്ങുന്നത്.
എന്നാല്‍ അത് അത്രത്തോളം എളുപ്പമാകില്ല എന്നാണ് മെസിയുടെ അഭിപ്രായം. ഈ അപരാജിത കുതിപ്പില്‍ അര്‍ജന്റീന യൂറോപ്യന്‍ ടീമുകള്‍ക്കെതിരെ കളിച്ചിട്ടില്ലെന്നും എല്ലാ ടീമുകളും തങ്ങളുടെ ബെസ്റ്റ് തന്നെ പുറത്തെടുക്കാനാണ് ഇവിടെയെത്തിയത് എന്നുമായിരുന്നു മെസി പറഞ്ഞത്.
ഇ.എസ്.പി.എന്നിനോടായിരുന്നു മെസി ഇക്കാര്യം പറഞ്ഞത്.
‘ഈ ദിവസങ്ങളില്‍ എല്ലാ ദേശീയ ടീമുകള്‍ക്കെതിരെ കളിക്കുന്നതും ഏറെ പ്രയാസകരമായ കാര്യമായിരിക്കും. ലോകകപ്പിലെത്തുന്ന എല്ലാ ടീമുകളും അവരുടെ ബെസ്റ്റ് തന്നെ പുറത്തെടുക്കുന്നതിനാല്‍ അവരെ തോല്‍പിപക്കുന്നത് പ്രയാസമേറിയ കാര്യം തന്നെയാണ്.
ഈ അപരാജിത കുതിപ്പില്‍ യൂറോപ്യന്‍ ടീമുകള്‍ക്കെതിരെ അധികം മത്സരങ്ങള്‍ ഞങ്ങള്‍ കളിച്ചിട്ടില്ല, അവര്‍ ഞങ്ങള്‍ക്കെതിരെയും കളിച്ചിട്ടില്ല. സൗത്ത് അമേരിക്കന്‍ ടീമുകള്‍ക്കെതിരെ കളിക്കുന്നതും വിഷമം തന്നെയാണ്,’ മെസി പറയുന്നു.
തങ്ങള്‍ മികച്ച ഫോമിലാണെന്ന് പറഞ്ഞ മെസി ലോകകപ്പ് ഫേവറിറ്റുകള്‍ എന്ന ഹൈപ് ഒരിക്കലും താരങ്ങളിലേക്കെത്തരുതെന്നും സൂചിപ്പിച്ചു.
‘ഞങ്ങള്‍ മികച്ച ഫോമില്‍ തന്നെയാണ്, ഫൈനല്‍ കളിക്കുകയും ചെയ്യും. പക്ഷേ ഞങ്ങള്‍ വേള്‍ഡ് കപ്പ് ഫേവറിറ്റുകളാണെന്നും അതില്‍ വിജയിക്കുമെന്നുമുള്ള ആ ഹൈപ്പ്, അതൊരു കെണിയാണ്. അതില്‍ ഒരിക്കലും പെട്ടുപോകാന്‍ പാടില്ല. ഓരോ പടിയായി വേണം മുന്നോട്ട് പോകാന്‍,’