സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിലേക്കുള്ള നീക്കം 2024ലേക്ക് നീക്കണമെന്ന് ലയണല്‍ മെസി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. പി.എസ്.ജിയില്‍ നിന്ന് ഫ്രീ ഏജന്റായ മെസിക്ക് ഈ സീസണില്‍ ബാഴ്‌സലോണയില്‍ കളിക്കണമെന്നാണ് ആഗ്രഹമെന്നും അതിനാല്‍ മെസി ലാ ലിഗയിലേക്ക് നീങ്ങാന്‍ പദ്ധതിയിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌പോര്‍ട്‌സ് മാധ്യമമായ ഗോളിന്റെ റിപ്പോര്‍ട്ട് പ്രകാരം മെസി അല്‍ ഹിലാലുമായി സംഭാഷണം നടത്തുകയും അടുത്ത വര്‍ഷം വരെ തന്നെ കാത്തിരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. താരത്തിന് അല്‍ ഹിലാലില്‍ കളിക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ ബാഴ്‌സലോണയുമായി ഒരു ഉടമ്പടിയില്‍ ഏര്‍പ്പെട്ടതിനാല്‍ ഇപ്പോള്‍ അതാണ് അദ്ദേഹത്തിന്റെ മനസിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലയണല്‍ മെസിയുടെ ക്ലബ്ബ് ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സജീവമാണ്. പി.എസ്.ജിയില്‍ നിന്ന് ഫ്രീ ഏജന്റായ മെസി ഏത് ക്ലബ്ബുമായി സൈനിങ് നടത്തുമെന്ന ആശങ്കയിലായിരുന്നു ആരാധകര്‍. വിഷയത്തില്‍ അഭ്യൂഹങ്ങളും ശക്തമായിരുന്നു.
മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി ബാഴ്സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ടയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മെസി ബാഴ്സലോണയിലേക്ക് തന്നെ മടങ്ങാനൊരുങ്ങുകയാണെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ലപോര്‍ട്ടയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മെസിയുടെ പിതാവ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. മെസി ബാഴ്സലോണയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും തനിക്കും മെസിയെ ബഴ്സലോണയില്‍ കാണണമെന്നുണ്ടെന്നും ജോര്‍ജ് മെസി പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
ബാഴ്സയിലേക്ക് മടങ്ങുന്ന കാര്യത്തില്‍ തങ്ങള്‍ കോണ്‍ഫിഡന്റ് ആണെന്നും ഭാവി കാര്യങ്ങള്‍ വഴിയേ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ഫുട്ബോള്‍ ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.