ബാഴ്‌സലോണയുടെ ഒട്ടുമിക്ക നേട്ടങ്ങളിലും പ്രധാന പങ്കുവഹിച്ചിരുന്ന, ക്ലബ്ബിന്റെ ജീവനാഡിയായ ലയണല്‍ മെസിക്ക് ബാഴ്‌സയിലെ പല കാര്യങ്ങള്‍ തീരുമാനിക്കുന്നതിലും സമ്പൂര്‍ണ അധികാരം ഉണ്ടായിരുന്നു.
താരങ്ങളെ സൈനിങ് ചെയ്യുന്നതിലും പുറത്താക്കുന്നതിലും താരത്തിന് തന്റെ അധികാരം ഉപയോഗപ്പെടുത്താനാകുമായിരുന്നു. കൂടെ കളിക്കാന്‍ താത്പര്യമില്ലാത്ത താരങ്ങളെ പ്ലെയിങ് ഇലവനില്‍ നിന്ന് മാറ്റാന്‍ മെസി ഈ അധികാരം വിനിയോഗിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അത്തരത്തിലുള്ള താരമായിരുന്നു സെര്‍ജി റോബേര്‍ട്ടോ. താരത്തെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ യോഗ്യനല്ലെന്ന് മെസി പറഞ്ഞിരുന്നതായി സ്പാനിഷ് മാധ്യമമായ എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മുന്‍ ബാഴ്‌സലോണ കോച്ച് ലൂയിസ് എന്റിക്വ് സ്പാനിഷ് താരമായ റോബേര്‍ട്ടോയെ ടീമിലെ റൈറ്റ് ബാക്കായി കളിപ്പിക്കുകയും അത് താരത്തെ ബാഴ്‌സലോണയിലെ പ്രധാന കളിക്കാരനാക്കാന്‍ കാരണമായെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നിരുന്നാലും, റോബേര്‍ട്ടോയുടെ പ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച മെസി താരത്തെ ക്ലബ്ബില്‍ നിന്ന് പുറത്താക്കാനും പകരം മറ്റൊരു താരത്തെ സൈന്‍ ചെയ്യിക്കാനും ആവശ്യപ്പെട്ടിരുന്നതായി എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് റൈറ്റ് ബാക്ക് താരങ്ങളായ നെല്‍സണ്‍ സെമെഡോ, സെര്‍ജിനോ ഡെസ്റ്റ് എന്നീ താരങ്ങളെ ക്ലബ്ബിലെത്തിക്കുന്നതിലേക്ക് നയിക്കുകയായിരുന്നു. എന്നാല്‍ ഇരുവര്‍ക്കും ബാഴ്‌സലോണക്കായി കാര്യമായിട്ടൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.
റോബേര്‍ട്ടോയുടെ കാര്യത്തില്‍ മെസിയുടെ ആശങ്കകള്‍ നിലനില്‍ക്കെ, ബാഴ്‌സലോണ കോച്ച് സാവി ഹെര്‍ണാണ്ടസ് റോബേര്‍ട്ടോയെ ക്ലബ്ബിലെ പ്രധാന താരമായി കളിപ്പിക്കുകയും അദ്ദേഹത്തിന് ധാരാളം ഗെയിം ടൈം നല്‍കുകയും ചെയ്തു. ഈ സീസണില്‍ 28 മത്സരങ്ങളില്‍ നിന്ന് നാല് ഗോളും മൂന്ന് അസിസ്റ്റുകളുമാണ് റോബേര്‍ട്ടോ അക്കൗണ്ടിലാക്കിയിരിക്കുന്നത്.
പി.എസ്.ജിയുമായുള്ള കരാര്‍ ജൂണില്‍ അവസാനിച്ച് ഫ്രീ ഏജന്റാകുന്ന മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. തൊട്ടുപിന്നാലെയാണ് റോബേര്‍ട്ടോയുമായി കളിക്കുന്നതില്‍ മെസിക്ക് അതൃപ്തിയുണ്ടെന്നുള്ള വിവരം എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തത്.