ഈ സീസണിന്റെ അവസാനത്തോടെയാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിഞ്ഞത്. രണ്ട് വര്‍ഷം പി.എസ്.ജിയില്‍ ചെലവഴിച്ചതിന് ശേഷം താരം ക്ലബ്ബില്‍ നിന്ന് വിടവാങ്ങുകയായിരുന്നു.
പാരീസിയന്‍ ക്ലബ്ബില്‍ കളിച്ചിരുന്ന കാലയളവില്‍ താരത്തിന് വേണ്ട പരിഗണന ക്ലബ്ബില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പി.എസ്.ജി അള്‍ട്രാസിന്റെ ഭാഗത്ത് നിന്നും താരത്തോട് വലിയ രീതിയിലുള്ള അനാദരവ് ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നിരുന്നാലും കരാര്‍ അവസാനിച്ചതിന് ശേഷവും മെസിയെ ക്ലബ്ബില്‍ നില നിര്‍ത്താനാണ് പി.എസ്.ജി പദ്ധതിയിട്ടിരുന്നതെങ്കിലും താരം അതിനൊരുക്കമായിരുന്നില്ല. കരാര്‍ അവസാനിച്ചതോടെ ക്ലബ്ബുമായി പിരിഞ്ഞ് അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മിയാമിയിലേക്ക് ചേക്കേറാനായിരുന്നു മെസി തീരുമാനിച്ചത്.
പി.എസ്.ജിയില്‍ തന്റെ സഹതാരവും ഫ്രഞ്ച് സൂപ്പര്‍ സ്‌ട്രൈക്കറുമായ കിലിയന്‍ എംബാപ്പെക്ക് മെസി നല്‍കിയ സന്ദേശം ശ്രദ്ധ നേടുകയാണിപ്പോള്‍. പാരീസിയന്‍ ക്ലബ്ബുമായി പിരിഞ്ഞതിന് ശേഷം താരത്തിന് ഇഷ്ടമുള്ള ക്ലബ്ബിലേക്ക് നീങ്ങണമെന്നും നിങ്ങളൊരു യഥാര്‍ത്ഥ വിജയ പദ്ധതി അര്‍ഹിക്കുന്നുണ്ടെന്നും മെസി എംബാപ്പെയോട് പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
‘ഞാന്‍ നിനക്ക് ബോഴ്‌സലോണ സജസ്റ്റ് ചെയ്യും. പക്ഷെ നിനക്ക് റയല്‍ മാഡ്രിഡിലേക്ക് പോകാനാണ് ഇഷ്ടം. എങ്കില്‍ അങ്ങനെ ചെയ്യൂ. നീയൊരു യഥാര്‍ത്ഥ വിജയ പദ്ധതി അര്‍ഹിക്കുന്നുണ്ട് ,’ മെസി പറഞ്ഞു.
അതേസമയം, 2024 വരെയാണ് എംബാപ്പെക്ക് പി.എസ്.ജിയില്‍ കരാറുള്ളത്. കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷം കൂടി ക്ലബ്ബില്‍ തുടരണമെന്ന് പി.എസ്.ജി എംബാപ്പെയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് സാധ്യമല്ലെന്നും 2024ല്‍ ഫ്രീ ഏജന്റായി തനിക്ക് ക്ലബ്ബ് വിടണമെന്നും എംബാപ്പെ പാരീസിയന്‍സിനെ അറിയിക്കുകയായിരുന്നു.
പി.എസ്.ജിയില്‍ നിന്ന് വിടവാങ്ങിയതിന് ശേഷം സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ ചേരാനാണ് എംബാപ്പെയുടെ പദ്ധതിയെന്ന് വിവിധ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും വിഷയത്തില്‍ എംബാപ്പെ തന്റെ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല.
Content Highlights: Lionel Messi wants Kylian Mbappe to play with Barcelona or Real Madrid