ഈ സീസണിന്റെ അവസാനത്തോടെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിഞ്ഞ ലയണല്‍ മെസി ജൂലൈയില്‍ ഇന്റര്‍ മിയാമിയുടെ ജേഴ്‌സി അണിയാന്‍ ഒരുങ്ങുകയാണ്. 1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബുമായി ഒപ്പുവെക്കുക.
യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് താത്കാലിക വിരാമമിട്ട് അമേരിക്കയിലേക്ക് ചേക്കേറിയ മെസി തന്റെ പഴയ സഹതാരങ്ങളെ ഇന്റര്‍ മിയാമിയിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
വാര്‍ത്താ മാധ്യമമായ സ്‌പോര്‍ട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം പി.എസ്.ജിയിലെയും ബാഴ്‌സലോണയിലെയും തന്റെ സഹതാരങ്ങളായ സെര്‍ജിയോ റാമോസ്, ജോര്‍ധി ആല്‍ബ എന്നിവരെ എം.എല്‍.എസ് ക്ലബ്ബുമായി മെസി ബന്ധിപ്പിക്കാനൊരുങ്ങുകയാണ്.
നിലവില്‍ ഫ്രീ ഏജന്റുകളായ റാമോസും ആല്‍ബയും പുതിയ ക്ലബ്ബുകളുമായി സൈന്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഇരുവരും മെസിക്കൊപ്പം ബെക്കാമിന്റെ ക്ലബ്ബില്‍ ബൂട്ടുകെട്ടാന്‍ താത്പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പി.എസ്.ജിയില്‍ മെസിയും റാമോസും 46 മത്സരങ്ങളില്‍ ഒരുമിച്ച് ബൂട്ടുകെട്ടിയിട്ടുണ്ട്. ലാ ലിഗ ക്ലബ്ബുകളില്‍ ചിരവൈരികളായിരുന്ന ഇരുവരും പി.എസ്.ജിയില്‍ മികച്ച കൂട്ടുകെട്ട് തീര്‍ക്കുകയായിരുന്നു. അതേസമയം, മെസിക്കൊപ്പം 345 മത്സരങ്ങളിലാണ് ആല്‍ബ കളം പങ്കിട്ടത്. ഇരുവരും ചേര്‍ന്ന് 34 ഗോളുകളും അക്കൗണ്ടിലാക്കിയിട്ടുണ്ട്. ബാഴ്‌സയില്‍ ചെലവിഴിച്ച കാലയളവിനുള്ളില്‍ ഇരുവര്‍ക്കുമിടയില്‍ മികച്ച സൗഹൃദം ഉടലെടുത്തിരുന്നു.