| Sunday, 19th February 2023, 4:25 pm

താൻ ബാഴ്സലോണയിൽ കളിക്കണമെങ്കിൽ ആറ് താരങ്ങളെ ക്ലബ്ബ്‌പുറത്താക്കണമെന്ന് മെസി ആവശ്യപ്പെട്ടിരുന്നു; റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

2023 ജൂണിലാണ് മെസിയുടെ പി.എസ്.ജിയിലെ കരാർ അവസാനിക്കുന്നത്. ക്ലബ്ബുമായുള്ള കരാർ അവസാനിക്കുന്നതോടെ താരം ഫ്രീ ഏജന്റ് ആയി മാറും. ഇതോടെ താരത്തെ സ്വന്തമാക്കാൻ ഇന്റർമിയാമി, ബാഴ്സലോണ, അൽ ഹിലാൽ എന്നീ ക്ലബ്ബുകൾ ശ്രമിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ബാഴ്സ സാമ്പത്തികമായ പ്രതിസന്ധിയിൽ നിന്നും കരകയറിയതോടെ മെസിയെ ബാഴ്സ തിരികെയെത്തിക്കുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നുണ്ട്.

എന്നാലിപ്പോൾ മെസി ബാഴ്സലോണ വിടുന്നതിന് മുമ്പ് താരം ക്ലബ്ബിൽ തുടരാൻ ചില ആവശ്യങ്ങൾ ഉന്നയിച്ചിരുന്നെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

മെസിയും അദ്ദേഹത്തിന്റെ ഏജന്റായി പ്രവർത്തിക്കുന്ന പിതാവ് ജോർഗ് മെസിയും ചേർന്നാണ് താരത്തിന് ബാഴ്സയിൽ തുടരാനുള്ള ഡിമാന്റ് ക്ലബ്ബ് പ്രസിഡന്റ്‌ ജോൺ ലപോർട്ടയുടെ മുന്നിൽ വെച്ചതെന്നാണ് എൽ നാഷണൽ പുറത്തുവിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
ആറ് താരങ്ങളെ ക്ലബ്ബിൽ നിന്നും മാറ്റിനിർത്തിയാൽ മെസി ബാഴ്സയിൽ തുടരാൻ തയ്യാറായിരുന്നെന്നാണ് എൽ നാഷണലിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

മെസിയുടെ ബാല്യകാല സുഹൃത്തും ലാ മാസിയയിൽ ഒന്നിച്ച് കളിച്ചിരുന്ന താരവും പിന്നീട് ബാഴ്സയിൽ നിന്നും മെസി പുറത്താകാൻ കാരണക്കാരൻ എന്നറിയപ്പെട്ടിരുന്ന താരവുമായ ജെറാദ് പിക്വെയെയാണ് മെസി ക്ലബ്ബിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ആദ്യ താരം എന്നാണ് എൽ നാഷണലിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

മെസിയുമായി അധികം ബന്ധമില്ലാതിരുന്ന ഗോൾ കീപ്പർ മാർക്ക്-ആൻഡ്രേ ടെർ-സ്റ്റീഗനെയാണ് ക്ലബ്ബിൽ നിന്നും പുറത്താക്കാൻ മെസി ആവശ്യപ്പെട്ട രണ്ടാമത്തെ താരം. മെസി ക്ലബ്ബിലെ യുവതാരങ്ങൾക്ക് വേണ്ട മര്യാദ കൊടുക്കുന്നില്ലെന്ന് പറഞ്ഞതിലൂടെ മെസിയുമായി ടെർ-സ്റ്റീഗന്റെ ബന്ധം വഷളായിരുന്നു.

ബാഴ്സയുടെ യുവ മിഡ്‌ഫീൽഡറായിരുന്ന റിക്വെ പ്യുഗ്ഗാണ് മെസി മൂന്നാമതായി ക്ലബ്ബിൽ നിന്നും പുറത്താക്കാൻ ആവശ്യപ്പെട്ട താരം.
നിലവിൽ അത് ലറ്റിക്കോ മാഡ്രിഡിന്റെ താരമായ അന്റോണിയോ ഗ്രീസ്മാനെയും ക്ലബ്ബിൽ നിന്നും മെസിയും പിതാവും ഒഴിവാക്കാൻ ആവശ്യപ്പെട്ടതായി എൽ നാഷണലിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

അവസാനമായി അൻസു ഫാറ്റിയാണ് മെസിയുടെ ബ്ലാക്ക് ലിസ്റ്റിൽ ഇടം പിടിച്ച താരം. മെസിയുടെ പിതാവിന്റെ ഏജൻസിയിൽ നിന്നും വിട്ട് പോയതാണ് താരത്തെ ഒഴിവാക്കാൻ മെസിയും പിതാവും ആവശ്യപ്പെടാൻ കാരണമെന്നാണ് എൽ നാഷണൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ താരങ്ങളെകൂടാതെ പരിശീലകൻ റൊണാൾഡ് കോമനെയും മെസി പുറത്താക്കാൻ ആവശ്യപ്പെട്ടതായി എൽ നാഷണൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം കരാർ അവസാനിക്കുന്നതിന് മുമ്പേ മെസിയുമായി പി.എസ്.ജി കരാർ പുതുക്കാൻ ചർച്ചകൾ നടത്തിയതായി ഇറ്റാലിയൻ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിരുന്നു. ഫെബ്രുവരി 19ന് ലോസ്ക്ക് ലില്ലിക്കെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlights: Lionel Messi wanted six people out of Barcelona if he were to remain at barca: Reports

We use cookies to give you the best possible experience. Learn more