കോപ്പയിൽ ഗോളടിക്കാതെ മെസിക്ക് ചരിത്രനേട്ടം സ്വന്തമാക്കാം; കോപ്പ കീഴടക്കാനൊരുങ്ങി അർജന്റൈൻ നായകൻ
Cricket
കോപ്പയിൽ ഗോളടിക്കാതെ മെസിക്ക് ചരിത്രനേട്ടം സ്വന്തമാക്കാം; കോപ്പ കീഴടക്കാനൊരുങ്ങി അർജന്റൈൻ നായകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th June 2024, 11:30 am

കോപ്പ അമേരിക്ക ഫുട്‌ബോള്‍ മാമാങ്കത്തിനാണ് ആരാധകര്‍ കണ്ണുംനട്ടിരിക്കുന്നത്. ജൂണ്‍ 21 മുതലാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് തുടക്കം കുറിക്കുന്നത്. കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്താനായിരിക്കും ലയണല്‍ മെസിയും അര്‍ജന്റീനയും കോപ്പയുടെ കളിത്തട്ടിലേക്ക് എത്തുന്നത്.

കോപ്പയില്‍ ഗ്രൂപ്പ് എ യിലാണ് അര്‍ജന്റീന ഇടം നേടിയിട്ടുള്ളത്. അര്‍ജന്റീനക്കൊപ്പം രണ്ട് തവണ ചാമ്പ്യന്മാരായ ചിലിയും കാനഡയും പെറുവുമാണ് കിരീട പോരാട്ടത്തിനായി അണിനിരക്കുന്നത്. ജൂണ്‍ 21ന് കാനഡയ്‌ക്കെതിരെയാണ് കോപ്പ അമേരിക്കയുടെ അര്‍ജന്റീനയുടെ ആദ്യ മത്സരം. ഈ മത്സരത്തില്‍ അര്‍ജന്റീന നായകന്‍ മെസിയെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്.

കാനഡക്കെതിരെയുള്ള മത്സരത്തില്‍ കളത്തിലിറങ്ങുന്നതോടുകൂടി കോപ്പ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കാന്‍ മെസിക്ക് സാധിക്കും. ഇതിനോടകം തന്നെ 34 മത്സരങ്ങളിലാണ് കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കായി മെസി കളിച്ചിട്ടുള്ളത്.

ഇത്രതന്നെ മത്സരങ്ങള്‍ കളിച്ച മുൻ ചിലി സെര്‍ജിയോ ലിവിങ്സ്റ്റനാണ് മെസിക്കൊപ്പം ഈ നേട്ടത്തിലുള്ളത്. കാനഡയ്‌ക്കെതിരെ മെസി കളിക്കുന്നതോടെ കോപ്പയില്‍ 35 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമാവാന്‍ അര്‍ജന്റീനന്‍ ഇതിഹാസത്തിനു സാധിക്കും.

നിലവില്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയുടെ താരമാണ് മെസി. ഈ സീസണില്‍ ഇതിനോടകം തന്നെ 12 മത്സരങ്ങളില്‍ നിന്നും 12 ഗോളുകളും ഒമ്പത് അസിസ്റ്റുകളും നേടികൊണ്ട് തകര്‍പ്പന്‍ ഫോമിലാണ് അര്‍ജന്റീനന്‍ നായകന്‍. താരത്തിന്റെ ഈ മിന്നും പ്രകടനം അര്‍ജന്റീനന്‍ ജഴ്‌സിയിലും ഉണ്ടാകുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം കോപ്പയ്ക്ക് മുന്നോടിയായി നടക്കുന്ന സൗഹൃദ മത്സരത്തില്‍ ജൂൺ 15ന് ഗ്വാട്ടിമാലക്കെതിരെ മെസിക്കും കൂട്ടര്‍ക്കും മത്സരമുണ്ട്. ഇതിനുമുമ്പ് ജൂൺ 10ന് നടന്ന ഇക്വഡോറിനെതിരെയുള്ള സൗഹൃദ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്റീന വിജയം സ്വന്തമാക്കിയിരുന്നു. സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയയായിരുന്നു മത്സരത്തിലെ അര്‍ജന്റീനയുടെ ഏകഗോള്‍ നേടിയത്.

 

Content Highlight: Lionel Messi Waiting for a new Milestone in Copa America 2024