|

തന്റെ സുഹൃത്തിനെ ടീമില്‍ നിന്നും വിട്ടുകൊടുക്കുന്നതില്‍ പി.എസ്.ജിയോട് എതിര്‍പ്പ് പ്രകടപ്പിച്ച് ലയണല്‍ മെസി

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയിട്ടില്ല എന്ന ചീത്തപേര് മാറ്റാന്‍ കാലങ്ങളായി കഷ്ടപ്പെടുന്ന ടീമാണ് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി. ലോകോത്തര താരങ്ങളെ ടീമിലെത്തിച്ചിട്ടും ടീമിന് ഇതുവരെ തങ്ങളുടെ സ്വപ്നം നിറവേറ്റാന്‍ സാധിച്ചിട്ടില്ല.

കഴിഞ്ഞ സീസണില്‍ ലയണല്‍ മെസിയെ ടീമിലെത്തിച്ചതൊക്കെ ചാമ്പ്യന്‍സ് ലീഗ് സ്വപ്നം കണ്ടിട്ടാണ്. എന്നാല്‍ പ്രതീക്ഷിച്ച നിലവാരത്തിലെത്താന്‍ ടീമിന് സാധിച്ചില്ല. ഈ വര്‍ഷം അതില്‍ നിന്നും മാറ്റം കൊണ്ടുവരാനാണ് ടീം ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി ടീമില്‍ അഴിച്ചുപണികളും നടക്കുന്നുണ്ട്.

ഈ വര്‍ഷത്തെ ട്രാന്‍സ്ഫറില്‍ ബ്രസീലിന്റെ സൂപ്പര്‍താരം നെയ്മര്‍ ജൂനിയറിനെ ടീമില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കങ്ങള്‍ പി.എസ്.ജിയില്‍ നടക്കുന്നുണ്ടായിരുന്നു. ടീമിന്റെ പ്രസിഡന്റ് താരത്തിന്റെ പ്രകടനത്തില്‍ അതൃപ്തി അറിയിച്ചിരുന്നു.

എന്നാല്‍ താരത്തിന് ക്ലബ്ബ് വിട്ട് പോകാന്‍ താല്‍പര്യമില്ലായിരുന്നു. എല്ലാ പൊസിഷനിലും ഫ്രീയായി കളിക്കുന്ന നെയ്മറിന് മറ്റൊരു ക്ലബ്ബ് കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല.

ഇപ്പോഴിതാ നെയ്മറിനെ പുറത്താക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് സൂപ്പര്‍താരം ലയണല്‍മെസി. ചിരവൈരികളായ അര്‍ജന്റീന-ബ്രസീല്‍ ടീമുകളിലെ താരങ്ങളാണെങ്കിലും ഇരുവരും ഉറ്റ സുഹൃത്തുക്കളാണ്. സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയിലും ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്.

നെയ്മറിനെ പി.എസ്.ജി കൈവിടരുതെന്നാണ് മെസിയുടെ അഭിപ്രായം. ലാ നാസിയോണ്‍ എന്ന അര്‍ജന്റൈന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയതിരിക്കുന്നത്. അവരെ ഉദ്ധരിച്ചുകൊണ്ട് ഫ്രഞ്ച് മാധ്യമമായ ലെ ടെന്‍ സ്‌പോര്‍ട്‌സും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ ഇരുവര്‍ക്കും മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. പരിക്കുകള്‍ നെയ്മറിനെ വലച്ചപ്പോള്‍ മെസിക്ക് പുതിയ ക്ലബ്ബിലേക്കുള്ള കൂടുമാറ്റം അഡാപ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുകയായിരുന്നു. എന്നാല്‍ അടുത്ത സീസണില്‍ മികച്ച തിരിച്ചുവരവ് നടത്താന്‍ ഇരുവര്‍ക്കും സാധിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

നിലവില്‍ നെയ്മര്‍ പി.എസ്.ജിയില്‍ തുടരാനാണ് സാധ്യതയെങ്കിലും മാറ്റങ്ങളുമായി മുന്നോട്ടുനീങ്ങുന്ന പി.എസ്.ജി. താരത്തെ ഒഴിവാക്കിയാലും അത്ഭുതപ്പെടാനൊന്നുമില്ല.

Content Highlights: Lionel Messi Vouches for Neymar

Latest Stories