കഴിഞ്ഞ ദിവസമാണ് ലയണല്‍ മെസി എം.എല്‍.എസ് ലീഗില്‍ അരങ്ങേറ്റം നടത്തിയത്. ഞായറാഴ്ച നടന്ന മത്സരത്തില്‍ ന്യൂ യോര്‍ക്ക് റെഡ് ബുള്‍സിനെതിരെയായിരുന്നു മേജര്‍ സോക്കര്‍ ലീഗിലെ മെസിയുടെ അരങ്ങേറ്റം. മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി വിജയിച്ചിരുന്നു. ഒരു വലിയ ഇടവേളക്ക് ശേഷമാണ് എം.എല്‍.എസില്‍ മയാമി വിജയിക്കുന്നത്.
അമേരിക്കയിലെത്തിയതിന് ശേഷം തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഇന്റര്‍ മയാമി ജേഴ്സിയില്‍ മെസിയെത്തിയതിന് ശേഷം കളിച്ച ഒമ്പത് മത്സരങ്ങളിലും ക്ലബ്ബ് വിജയിച്ചിരുന്നു. ഇതുവരെ പതിനൊന്ന് ഗോളും ആറ് അസിസ്റ്റുകളുമാണ് മെസിയുടെ സമ്പാദ്യം.
എന്നാല്‍ അരങ്ങേറ്റ മത്സരത്തിന് ശേഷം എം.എല്‍.എസ് പ്രോട്ടോകോള്‍ ലംഘിച്ചത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. മാച്ച് അവസാനിച്ചതിന് ശേഷം താരങ്ങള്‍ നിര്‍ബന്ധമായി പങ്കെടുക്കേണ്ടതുണ്ട്. ന്യൂ യോര്‍ക്ക് റെഡ് ബുള്‍സിനെതിരായ മത്സരത്തില്‍ മെസി പ്രസ് മീറ്റില്‍ നിന്ന് വിട്ടുനിന്നിരുന്നു.
മത്സരത്തിന് മുമ്പ് ലീഗിന്റെ കമ്മ്യൂണിക്കേഷന്‍സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മെസി മാധ്യമങ്ങളെ കാണണമെന്ന വിവരം അറിയിച്ചിരുന്നെങ്കിലും താരം മാധ്യമങ്ങളെ അഭിസംബോധന ചെയ്യാതിരുന്നതാണ് വിനയായത്. മെസി മാധ്യമങ്ങളെ കാണുന്നില്ലെന്നും മേജര്‍ സോക്കര്‍ ലീഗിന്റെ നിബന്ധനകള്‍ പാലിക്കുന്നില്ലെന്നും ഇന്റര്‍ മിയാമി വക്താവ് മോളി ഡ്രെസ്‌കയാണ് അറിയിച്ചത്.
അതിനാല്‍ മെസിക്കെതിരെ നടപടി വരാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. വിഷയത്തില്‍ ഔദ്യോഗിക തീരുമാനം ഉണ്ടായിട്ടില്ലെങ്കിലും ഇക്കാര്യം ചര്‍ച്ചക്ക് വെച്ചിട്ടുണ്ടെന്നും സ്‌പോര്‍ട്‌സ് മാധ്യമമായ ഗോളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, കഴിഞ്ഞ ദിവസം മത്സരത്തിന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ മെസി ഉണ്ടായിരുന്നില്ല. കളിയുടെ 37ാം മിനിട്ടില്‍ ഡീഗോ ഗോമെസിന്റെ ഗോളിലൂടെ മയാമി ലീഡെടുത്തിരുന്നു. ആദ്യ പകുതിയില്‍ വിശ്രമത്തിലായിരുന്ന മെസി രണ്ടാം പകുതിയുടെ 60ാം മിനിട്ടിലാണ് കളത്തിലിറങ്ങിയത്. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഇതിഹാസത്തിന്റെ ഗോള്‍ പിറക്കുന്നത്. മത്സരത്തിന്റെ 89ാം മിനിട്ടില്‍ മെസി സ്‌കോര്‍ ചെയ്തതോടെ കളി 2-0 എന്ന നിലയിലായി.
മത്സരത്തിന് ശേഷം നിരവധി ആരാധകരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. പോയിന്റ് പട്ടികയില്‍ നിലവില്‍ 14ാം സ്ഥാനത്താണ് ഇന്റര്‍ മയാമി. നാഷ്വില്‍ എഫ്.സിക്കെതിരെയാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം.
Content Highlights: Lionel Messi violates MLS rules after scoring goal in league debut