കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ അര്‍ജന്റീന തകര്‍പ്പന്‍ വിജയം നേടിയിരുന്നു. പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന വീഴ്ത്തിയത്. മത്സരത്തില്‍ ലൗട്ടാറോ മാര്‍ട്ടിനസിന്റെ ഇരട്ട ഗോള്‍ കരുത്തിലാണ് അര്‍ജന്റീന ജയിച്ചു കയറിയത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല.
രണ്ടാം പകുതിയില്‍ 47, 86 മിനിട്ടുകളില്‍ ആയിരുന്നു താരത്തിന്റെ ഗോളുകള്‍ പിറന്നത്. ജയത്തോടെ ഗ്രൂപ്പ് എയിലെ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് ഒമ്പത് പോയിന്റുമായി അടുത്ത റൗണ്ടിലേക്ക് മുന്നേറാനും അര്‍ജന്റീനക്ക് സാധിച്ചു.
ടീം മികച്ച പ്രകടനം നടത്തിയിട്ടും സൂപ്പര്‍ താരം ലയണല്‍ മെസിയെ ഒരു മോശം നേട്ടമാണ് തേടിയെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടു മത്സരങ്ങളില്‍ അര്‍ജന്റീനക്കായി കളത്തിലിറങ്ങിയ മെസിക്ക് ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഇതോടെ 2011 ന് ശേഷം ഇതാദ്യമായാണ് ഒരു മേജര്‍ ടൂര്‍ണ്ണമെന്റ് ഗ്രൂപ്പ് ഘട്ടത്തില്‍ മെസിക്ക് ഒരു ഗോള്‍ നേടാന്‍ സാധിക്കാതെ പോയത്.
കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ആദ്യ മത്സരത്തില്‍ ഒരു അസിസ്റ്റ് മെസി നേടിയിരുന്നു. രണ്ടാം മത്സരത്തില്‍ ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീന വീഴ്ത്തിയപ്പോഴും മെസിക്ക് സ്‌കോര്‍ ലൈനില്‍ തന്റെ പേര് എഴുതിച്ചേര്‍ക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഈ മത്സരത്തില്‍ ഇന്റര്‍ മയാമി നായകന് പരിക്കേറ്റിരുന്നു. ഇതിനുപിന്നാലെ ഇന്ന് നടന്ന പെറുവിനെതിരെയുള്ള മത്സരത്തില്‍ മെസി കളിച്ചിരുന്നില്ല.
ഗ്രൂപ്പ് ഘട്ടത്തില്‍ ഗോള്‍ നേടാന്‍ സാധിച്ചില്ലെങ്കിലും പരിക്കുമാറി മെസിയുടെ ബൂട്ടുകള്‍ ശക്തമായി എതിരാളികളുടെ വലകുലുക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
Content Highlight: Lionel Messi Unwanted record in Football