| Friday, 6th August 2021, 10:04 am

മിശിഹാ ബാഴ്സയുടെ പടിയിറങ്ങുന്നു, അവസാനിക്കുന്നത് 21 വര്‍ഷത്തെ ബന്ധം

സ്പോര്‍ട്സ് ഡെസ്‌ക്

ഒടുവില്‍ ആ വാര്‍ത്തയെത്തി, ആരാധകരെയും ഫുട്ബോള്‍ ലോകത്തേയും കണ്ണീരിലാഴ്ത്തി മെസി ബാഴ്സയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു. നീണ്ട 21 വര്‍ഷത്തിന് ശേഷമാണ് താരം ക്ലബ്ബ് വിടുന്നത്.

കരിയറിലുടനീളം ഒരു ക്ലബ്ബില്‍ മാത്രമായി കളിക്കുന്ന അപൂര്‍വം കളിക്കാരില്‍ മെസിയും ഉണ്ടാകുമെന്നുള്ള ആരാധകരുടെ സ്വപ്നത്തിനുമേലെയാണ് ഇപ്പോള്‍ കരിനിഴല്‍ വീണിരിക്കുന്നത്. എ.എസ് റോമയുടെ ടോട്ടി തന്റെ കരിയറിലുടനീളം ഇത്തരത്തില്‍ ഒരു ക്ലബ്ബിനായി മാത്രം ബൂട്ടണിഞ്ഞ കളിക്കാരനാണ്.

ബാഴ്സയുമായി മെസി കരാര്‍ പുതുക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഇപ്പോള്‍ താരം ക്ലബ്ബ് വിടുകയാണെന്ന് ബാഴ്സ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. വാര്‍ത്താകുറിപ്പിലൂടെയാണ് ക്ലബ്ബ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബാഴ്സയ്ക്കായി ഇക്കാലമത്രയും നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി എന്നും പത്രക്കുറിപ്പില്‍ പറയുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 30ന് ബാഴ്സയുമായുള്ള താരത്തിന്റെ കരാര്‍ അവസാനിച്ചിരുന്നുവെങ്കിലും അടുത്ത 5 വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടിയേക്കുമെന്നായിരുന്നു പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. അതിനിടയിലാണ് മെസി പൂര്‍ണമായും ക്ലബ്ബ് വിടുന്നത്.

ബാഴ്സയ്ക്കായി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ചതും ഏറ്റവുമധികം ഗോളുകള്‍ നേടിയതും മെസിയാണ്. 778 മത്സരങ്ങളില്‍ നിന്നുമായി 672 ഗോളുകളാണ് മെസ്സി നേടിയത്.

13ാം വയസ്സിലാണ് മെസി ബാഴ്സയിലെത്തുന്നത്. അവിടുന്നിങ്ങോട്ട് ബാഴ്സയ്ക്കായി മാത്രമാണ് മെസി ബൂട്ടണിഞ്ഞത്. ബാഴ്സയുടെ 10 ലാ ലീഗാ കിരീടങ്ങളിലും 3 സൂപ്പര്‍ കപ്പിലുമടക്കം ഒട്ടേറെ കിരീടനേട്ടങ്ങളില്‍ മെസി കയ്യൊപ്പ് ചാര്‍ത്തി.

ബാഴ്സയുടെ മുന്‍ കോച്ച് പെപ് ഗാര്‍ഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റി, ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി എന്നിവരാണ് മെസിയെ തങ്ങളുടെ കൂടാരത്തിലെത്തിക്കാന്‍ നിലവില്‍ മുന്നിലുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Lionel Messi to leave FC Barcelona

We use cookies to give you the best possible experience. Learn more