നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ടീം അര്‍ജന്റീന ഖത്തറില്‍ വിശ്വകിരീടമുയര്‍ത്തുന്നത്. വിരമിക്കുന്നതിന് മുമ്പ് രാജ്യത്തിനായി വേള്‍ഡ് കപ്പ് നേടുകയെന്നത് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ വലിയ സ്വപ്‌നമായിരുന്നു.
തന്റെ സ്വപ്‌ന സാക്ഷാത്കാരത്തില്‍ നിര്‍ണായക പങ്കുവഹിച്ച അര്‍ജന്റൈന്‍ ദേശീയ ടീമിലെ ഓരോ അംഗത്തിനും ആഡംബര സമ്മാനം നല്‍കാനൊരുങ്ങുകയാണ് മെസി.
പരിശീലകന്‍ ലയണല്‍ സ്‌കലോണിക്കടക്കം 35 പേര്‍ക്കുള്ള ഐ ഫോണുകളാണ് താരം ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ആപ്പിളിന്റെ ഏറ്റവും ലേറ്റസ്റ്റ് മോഡലായ ഐ ഫോണ്‍ 14 ആണ് താരം ടീം അംഗങ്ങള്‍ക്ക് നല്‍കുന്നത്.
ഓരോ അംഗത്തിന്റെയും പേരും ജേഴ്‌സി നമ്പറും ആലേഖനം ചെയ്ത് മൂന്ന് നക്ഷത്രങ്ങളും പതിപ്പിച്ച 24 കാരറ്റ് ഗോള്‍ഡ് പാലറ്റിലുള്ള പ്രത്യേകം ഡിസൈന്‍ ചെയ്ത ഫോണുകള്‍ മെസി ഓര്‍ഡര്‍ ചെയ്തതായി ദ സണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ഐ ഡിസൈന്‍ ഗോള്‍ഡിന്റെ സി.ഇ.ഒ ആയ ബെന്‍ ഇക്കാര്യം ദ സണ്ണിനെ അറിയിക്കുകയായിരുന്നു. തന്റെ ടീം അംഗങ്ങള്‍ക്ക് ആഡംബര സമ്മാനം നല്‍കുന്നതിനെ കുറിച്ച് മെസി തന്നോട് സംസാരിച്ചിരുന്നെന്നും എന്നാള്‍ എല്ലായിപ്പോഴും നല്‍കാറുള്ളത് പോലെ വാച്ചുകള്‍ വേണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായും ബെന്‍ പറഞ്ഞു.
തുടര്‍ന്ന് ഇങ്ങനെ ഒരാശയം പങ്കുവെച്ചപ്പോള്‍ താരത്തിന് ഒത്തിരി ഇഷ്ടമായെന്നും 35 ഫോണുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
‘ലയണല്‍ മെസി G.O.A.T മാത്രമല്ല, ഐ ഡിസൈന്‍ ഗോള്‍ഡിന്റെ റോയല്‍ കസ്റ്റമര്‍ കൂടിയാണ്. വേള്‍ഡ് കപ്പിന് ശേഷം അര്‍ജന്റീനയിലെ തന്റെ സഹതാരങ്ങള്‍ക്കും മറ്റ് ടീം അംഗങ്ങള്‍ക്കും വിലകൂടിയ സമ്മാനം നല്‍കുന്നതിനെ കുറിച്ച് അദ്ദേഹം സംസാരിക്കുകയായിരുന്നു.
സാധാരണ നല്‍കാറുള്ളതുപോലെ വാച്ചുകള്‍ വേണ്ടെന്ന് അദ്ദേഹം പ്രത്യേകം പറഞ്ഞിരുന്നു. അങ്ങനെയാണ് ഗോള്‍ഡ് പാലറ്റില്‍ ഓരോ താരത്തിന്റെയും പേര് വിവരങ്ങള്‍ ആലേഖനം ചെയ്ത ഐ ഫോണ്‍ ഗോള്‍ഡ് ആയാലോ എന്ന് ഞാന്‍ സജസ്റ്റ് ചെയ്യുന്നത്.
അദ്ദേഹത്തിന് ആശയം ഒത്തിരി ഇഷ്ടമാവുകയും 35 പേര്‍ക്കുള്ള ഓര്‍ഡര്‍ നല്‍കുകയുമായിരുന്നു,’ ബെന്‍ പറഞ്ഞു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 175,000 പൗണ്ട് (ഏകദേശം 1,73,12,574.13 രൂപ) ആണ് മെസി ഐ ഫോണുകള്‍ക്കായി ചെലവഴിച്ചത്. താരങ്ങളുടെ പേരിനും ജേഴ്‌സി നമ്പറിനൊപ്പം എ.എഫ്.ഒ പതിപ്പിക്കാനും മെസി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: Lionel Messi to gift 35 iphone 14s to all Argentina players and staffs