| Wednesday, 9th August 2023, 9:36 pm

വന്ന് കേറിയില്ല, അതിന് മുമ്പേ കണ്ണ് മുതലാളിയുടെ റെക്കോഡില്‍; ബെക്കാമിന്റെ റെക്കോഡ് തകര്‍ക്കാന്‍ മെസി

സ്പോര്‍ട്സ് ഡെസ്‌ക്

ഡേവിഡ് ബെക്കാം സഹ ഉടമസ്ഥനായ ഇന്റര്‍ മയാമിയില്‍ മികച്ച തുടക്കമാണ് മെസിക്ക് ലഭിച്ചിരിക്കുന്നത്. കളിച്ച നാല് മത്സരത്തിലും മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ മെസി ഇന്റര്‍ മയാമി ജേഴ്‌സിയിലെ ആദ്യ കിരീടമാണ് ലക്ഷ്യം വെക്കുന്നത്.

ലീഗ്‌സ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലാണ് ഇനി ഇന്റര്‍ മയാമിക്ക് മുമ്പിലുള്ളത്. എം.എല്‍.എസ് ടീമായ ഷാര്‍ലെറ്റാണ് എതിരാളികള്‍. ഹെറോണ്‍സിന്റെ ഹോം സ്‌റ്റേഡിയത്തില്‍ ആഗസ്റ്റ് 12നാണ് മത്സരം അരങ്ങേറുന്നത്.

ഷാര്‍ലെറ്റിനെതിരായ മത്സരത്തില്‍ മെസിയെ കാത്ത് ഒരു റെക്കോഡും ഒരുങ്ങുന്നുണ്ട്. കരിയറില്‍ ഏറ്റവുമധികം ഫ്രീ കിക്ക് ഗോളുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടം നേടാനുള്ള അവസരമാണ് ഇപ്പോള്‍ മെസിയെ തേടിയെത്തിയിരിക്കുന്നത്.

64 ഫ്രീ കിക്ക് ഗോളുകളാണ് മെസിയുടെ പേരിലുള്ളത്. ഏറ്റവുമധികം ഫ്രീ കിക്ക് നേടിയ താരങ്ങളുടെ പട്ടികയില്‍ നിലവില്‍ ആറാം സ്ഥാനത്താണ് മെസി.

ബാഴ്‌സലോണക്ക് വേണ്ടിയാണ് ഫ്രീ കിക്കിലൂടെ മെസി ഏറ്റവുമധികം ഗോള്‍ കണ്ടെത്തിയത്. 50 തവണയാണ് ലിയോ കറ്റാലന്‍മാര്‍ക്കായി ഫ്രീ കിക്കിലൂടെ ഗോള്‍ കണ്ടെത്തിയത്. അര്‍ജന്റൈന്‍ നാഷണല്‍ ടീമിന് വേണ്ടി പത്ത് തവണ ഈ നേട്ടം സ്വന്തമാക്കിയ മെസി പി.എസ്.ജിക്ക് വേണ്ടി രണ്ട് തവണയും ഇന്റര്‍ മയാമിക്കായി ഇതുവരെ രണ്ട് ഫ്രീ കിക്കുമാണ് വലയിലാക്കിയത്.

65 ഗോളുമായാണ് ഡേവിഡ് ബെക്കാം പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് തുടരുന്നത്. ഒരു ഗോള്‍ നേടിയാല്‍ മെസിക്ക് ബെക്കാമിനൊപ്പമെത്താനും മറ്റൊരു ഗോള്‍ നേടിയാല്‍ ബെക്കാമിനെ മറികടന്ന് തന്റെ മറ്റൊരു സുഹൃത്തും ഐഡലുമായ റൊണാഡീന്യോക്കാപ്പമെത്താനും സാധിക്കും.

കരിയറില്‍ ഏറ്റവുമധികം ഫ്രീ കിക്ക് ഗോള്‍ നേടിയ താരങ്ങള്‍

ജുഹീന്യോ പെന്‍നാമ്പുകാനോ – 77

പെലെ – 70

റൊണാള്‍ഡീന്യോ – 66

വിക്ടര്‍ ലെഗ്രോടാഗ്ലി – 66

ഡേവിഡ് ബെക്കാം – 65

ലയണല്‍ മെസി – 64

ഡിഗോ മറഡോണ – 62

സീക്കോ – 62

റോജെറിയോ സെനി – 61

ക്രിസ്റ്റിയാനോ റൊണാള്‍ഡോ – 60

അതേസമയം, എഫ്. സി ഡാല്ലസിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തകര്‍ത്താണ് മെസിയും സംഘവും ലീഗ്‌സ് കപ്പിന്റെ ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. നിശ്ചിത സമയത്ത് മത്സരം 4-4 എന്ന നിലയില്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.

തോല്‍വിയുറപ്പിച്ചിടത്ത് നിന്നും മത്സരത്തിന്റെ 85ാം മിനിട്ടില്‍ മെസി നേടിയ ഫ്രീ കിക്ക് ഗോളാണ് മത്സരം സമനിലയിലേക്കും ശേഷം ഷൂട്ടൗട്ടിലേക്കും കൊണ്ടുചെന്നെത്തിച്ചത്.

ഷൂട്ടൗട്ടില്‍ 3-5 എന്ന സ്‌കോറില്‍ മയാമി ഡാല്ലസിനെ പരാജയപ്പെടുത്തുകയായിരുന്നു.

Content Highlight: Lionel Messi to equals David Beckham’s free kick record

We use cookies to give you the best possible experience. Learn more