അർജന്റൈൻ ഇതിഹാസ താരമായ ലയണൽ മെസിയുടെ ട്രാൻസ്ഫർ സംബന്ധമായ വാർത്തകളെ സംബന്ധിച്ച ചർച്ചകളിലാണ് ഫുട്ബോൾ ലോകം.
മെസി പി.എസ്.ജിയിൽ തുടരുമോ അതോ ബാഴ്സയിലേക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും ക്ലബ്ബിലേക്കോ ചേക്കേറുമോ എന്ന ചോദ്യമാണ് ആരാധകർ മുഴുവനും ഉയർത്തുന്നത്.
വരുന്ന ജൂണിൽ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുന്ന മെസി തുടർന്ന് ഫ്രീ ഏജന്റായിട്ടാണ് ട്രാൻസ്ഫർ ജാലകത്തിലേക്ക് എത്തുന്നത്.
താരം ഫ്രീ ഏജന്റായിട്ടെത്തുമെങ്കിൽ താരത്തെ തങ്ങളുടെ ക്യാമ്പിലെത്തിക്കാൻ വൻ തുക വാഗ്ധാനം ചെയ്ത് ഇന്റർ മിയാമിയും അൽ ഹിലാലുമടക്കമുള്ള ക്ലബ്ബുകൾ രംഗത്തുണ്ട് എന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
എന്നാൽ താൻ അടുത്ത സീസണിലും പി. എസ്.ജിയിൽ തന്നെ തുടരുമെന്ന് മെസി ആവശ്യപ്പെട്ടതായി മെസി തന്റെ അർജന്റൈൻ ടീമിലെ സഹതാരങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന റിപ്പോർട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്.
മെസിക്ക് നൽകുന്ന പ്രതിഫല തുകയിൽ കുറവ് വരുത്താനും ബാഴ്സയിൽ മുമ്പ് താരത്തിനുണ്ടായിരുന്ന അധികാരം കുറക്കാനും ബാഴ്സ ആവശ്യപ്പെട്ടതോടെയാണ് മെസി പി.എസ്. ജിയിൽ തുടരാൻ തീരുമാനിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
കൂടാതെ ഇന്റർ മിയാമിയും അൽ ഹിലാലും റെക്കോർഡ് തുകക്കാണ് മെസിയെ സ്വന്തമാക്കാനായി കരുക്കൾ നീക്കുന്നത്.
അതേസമയം ലോകകപ്പ് കിരീടം സ്വന്തമാക്കിയ ശേഷം മത്സരിക്കാനിറങ്ങിയ രണ്ട് മത്സരങ്ങളിലും അർജന്റീനക്ക് വിജയിക്കാൻ സാധിച്ചിട്ടുണ്ട്.