| Saturday, 8th June 2024, 12:07 pm

ലോകത്തിലെ ഏറ്റവും മികച്ച ടീം അവരാണ്; ബാഴ്സലോണ ആരാധകരെ ഞെട്ടിച്ച് മെസി

സ്പോര്‍ട്സ് ഡെസ്‌ക്

നിലവിലെ ഫുട്‌ബോളിലെ ഏറ്റവും മികച്ച ടീം ഏതാണെന്ന് തുറന്നുപറഞ്ഞ് അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസി. റിസള്‍ട്ടുകളുടെ കാര്യം നോക്കുകയാണെങ്കില്‍ റയല്‍ മാഡ്രിഡാണ് മികച്ച ടീമെന്നും എന്നാല്‍ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് മികച്ചതെന്നുമാണ് മെസി പറഞ്ഞത്.

‘ലോകത്തിലെ ഏറ്റവും മികച്ച ടീം റയല്‍ മാഡ്രിഡ് ആണ്. റിസള്‍ട്ടുകള്‍ വെച്ച് നോക്കുകയാണെങ്കില്‍ അവരാണ് ഇപ്പോഴത്തെ യൂറോപ്പിലെ ചാമ്പ്യന്മാര്‍ അതുകൊണ്ടുതന്നെ റയലാണ് മികച്ചത്. എന്നാല്‍ കളിക്കളത്തിലെ പ്രകടനങ്ങളെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നതെങ്കില്‍ പെപ്പിന്റെ കീഴിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് മികച്ചത്,’ മെസി ഓള്‍ എബൗട്ട് അര്‍ജന്റീനയിലൂടെ പറഞ്ഞു.

ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കൊണ്ടായിരുന്നു ലോസ് ബ്ലാങ്കോസ് തങ്ങളുടെ ചരിത്രത്തിലെ പതിനഞ്ചാം യു.സി.എല്‍ കിരീടം ചൂടിയത്. ഈ വര്‍ഷത്തെ ലാ ലിഗ കിരീടവും ആന്‍സലോട്ടിയും സംഘവും സാന്റിയാഗോ ബെര്‍ണബ്യൂവില്‍ എത്തിച്ചിരുന്നു.

മറുഭാഗത്ത് പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ മാഞ്ചസ്റ്റര്‍ സിറ്റി തുടര്‍ച്ചയായ നാലാം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടമാണ് ഈ സീസണില്‍ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ്, എഫ്.എ കപ്പ്, ഇ.പി.എല്‍ എന്നീ കിരീടങ്ങള്‍ എല്ലാം മാഞ്ചസ്റ്റര്‍ സിറ്റി ഇത്തിഹാദില്‍ എത്തിച്ചിരുന്നു.

അതേസമയം സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണക്കൊപ്പം അവിസ്മരണീയമായ ഒരു കരിയര്‍ കെട്ടിപ്പടുത്തുയര്‍ത്തിയ താരമാണ് ലയണല്‍ മെസി. കറ്റാലന്‍മാര്‍ക്കൊപ്പം 778 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ അര്‍ജന്റീനന്‍ ഇതിഹാസം 672 ഗോളുകളാണ് അടിച്ചുകൂട്ടിയിട്ടുള്ളത്.

2021ല്‍ ആയിരുന്നു മെസി എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ബാഴ്‌സലോണയോടൊപ്പമുള്ള തന്റെ നീണ്ട കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനിലേക്ക് കൂടു മാറിയത്. അവിടെനിന്നും 2023 മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍മയാമിയിലേക്കും താരം ചേക്കേറി.

മെസിയുടെ വരവോടുകൂടി മികച്ച മുന്നേറ്റമായിരുന്നു മയാമി നടത്തിയത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പും മെസിയുടെ നേതൃത്വത്തില്‍ മയാമി സ്വന്തമാക്കിയിരുന്നു.

നിലവില്‍ വരാനിരിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിലാണ് മെസി. ജൂണ്‍ 21 മുതല്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എയിലാണ് അര്‍ജന്റീന ഉള്ളത്. ചിലി, കാനഡ, പെറു എന്നീ ടീമുകളാണ് അര്‍ജന്റീനക്കൊപ്പം ഗ്രൂപ്പില്‍ ഇടം നേടിയിട്ടുള്ളത്.

ജൂണ്‍ 21ന് കാനഡയ്‌ക്കെതിരെയാണ് കോപ്പ അമേരിക്കയിലെ അര്‍ജന്റീനയുടെ ആദ്യ മത്സരം. ഇതിനു മുന്നോടിയായി നടക്കുന്ന സൗഹൃദ മത്സരത്തില്‍ ജൂണ്‍ 10ന് ഇക്വഡോറിനേയും ജൂണ്‍ 12ന് ഗ്വാട്ടിമാലയെയും മെസിയും സംഘവും നേരിടും.

Content Highlight: Lionel Messi talks Real Madrid is the best team in the world

We use cookies to give you the best possible experience. Learn more