| Friday, 14th June 2024, 11:46 am

'പ്രായം തളർത്തുന്നു' അർജന്റീനക്കൊപ്പം ആ ടൂർണമെന്റിൽ കളിക്കാനില്ല: വെളിപ്പെടുത്തലുമായി മെസി

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സില്‍ അര്‍ജന്റീനന്‍ ടീമിന്റെ ഭാഗമാകില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സൂപ്പര്‍ താരം ലയണല്‍ മെസി. ജൂലൈ 26 മുതല്‍ ആഗസ്റ്റ് 11 വരെയാണ് ഒളിമ്പിക്‌സ് നടക്കുന്നത് ഫുട്‌ബോള്‍ ഇനത്തില്‍ 23 വയസിന് താഴെയുള്ള താരങ്ങള്‍ ആണ് പ്രധാനമായും ഓരോ ടീമിനും കളിക്കുക. എന്നാല്‍ ഒളിമ്പിക്‌സിന്റെ നിയമങ്ങള്‍ അനുസരിച്ച് മൂന്ന് സീനിയര്‍ താരങ്ങളെയും ടീമില്‍ കളിപ്പിക്കാന്‍ സാധിക്കും.

ഈ സാഹചര്യത്തില്‍ മെസി അര്‍ജന്റീനന്‍ ടീമിനൊപ്പം ഒളിമ്പിക്‌സില്‍ കളിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്‍തോതില്‍ നിലനിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അര്‍ജന്റീനയുടെ അണ്ടര്‍ 23 പരിശീലകനായ മുന്‍ താരം ഹാവിയര്‍ മഷറാനോയുമായി മെസി നേരിട്ട് തനിക്ക് ഒളിമ്പിക്‌സില്‍ കളിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞെന്നാണ് ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്തത്.

‘ഞാന്‍ മഷറാനോയുമായി സംസാരിച്ചു ഞങ്ങള്‍ രണ്ടുപേരും ഇപ്പോഴുള്ള സാഹചര്യങ്ങള്‍ മനസ്സിലാക്കി. ഞങ്ങള്‍ ഇപ്പോള്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള ഒരുക്കത്തില്‍ ആയതിനാല്‍ ഇപ്പോള്‍ ഒളിമ്പിക്‌സിനെ കുറിച്ച് ചിന്തിക്കുന്നത് പ്രയാസമാണ്. ഒളിമ്പിക്‌സില്‍ കളിക്കുകയാണെങ്കില്‍ രണ്ടോ മൂന്നോ മാസങ്ങള്‍ എനിക്ക് ക്ലബ്ബിനൊപ്പം കളിക്കാതിരിക്കേണ്ടിവരും.

എന്തിനേക്കാളും ഞാന്‍ ഇപ്പോള്‍ എന്റെ പ്രായത്തെ കൂടി പരിഗണിക്കണം. ഇപ്പോള്‍ രണ്ട് നേരിട്ടുള്ള ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതില്‍ വളരെ ശ്രദ്ധയോടെയാണ് തീരുമാനമെടുക്കേണ്ടത്. 2008 ഒളിമ്പിക്‌സില്‍ മഷറാനോക്കൊപ്പം കളിച്ചതിലും അത് ജയിച്ചതിലും ഞാന്‍ വളരെയധികം ഭാഗ്യവാനാണ്.

എന്റെ ഫുട്‌ബോള്‍ കരിയറിലെ നല്ലൊരു അനുഭവമായിരുന്നു അത്. അണ്ടര്‍ 20 ടീമില്‍ കളിക്കുമ്പോള്‍ ഒരിക്കലും മറക്കാനാവാത്ത ഓര്‍മകള്‍ എനിക്ക് ലഭിച്ചു. അതുകൊണ്ടുതന്നെ ഒളിമ്പിക്‌സ് മറ്റേത് ടൂര്‍ണമെന്റിനെക്കാളും വളരെ വ്യത്യസ്തമായ ഒന്നാണ്,’ മെസി പറഞ്ഞു.

അതേസമയം ജൂണ്‍ 21 മുതല്‍ ആരംഭിക്കുന്ന കോപ്പ അമേരിക്കക്കായുള്ള തയ്യാറടുപ്പിലാണ് മെസിയും അര്‍ജന്റീനയും. കോപ്പയില്‍ ഗ്രൂപ്പ് എ യിലാണ് അര്‍ജന്റീന ഇടം നേടിയിട്ടുള്ളത്. അര്‍ജന്റീനക്കൊപ്പം രണ്ട് തവണ ചാമ്പ്യന്മാരായ ചിലിയും കാനഡയും പെറുവുമാണ് കിരീട പോരാട്ടത്തിനായി അണിനിരക്കുന്നത്. ജൂണ്‍ 21ന് കാനഡയ്ക്കെതിരെയാണ് കോപ്പ അമേരിക്കയുടെ അര്‍ജന്റീനയുടെ ആദ്യ മത്സരം.

അതേസമയം കോപ്പയ്ക്ക് മുന്നോടിയായി നടക്കുന്ന സൗഹൃദ മത്സരത്തില്‍ മെയ് 15ന് ഗ്വാട്ടിമാലക്കെതിരെ മെസിക്കും കൂട്ടര്‍ക്കും മത്സരമുണ്ട്. ഇതിനുമുമ്പ് മെയ് 10ന് നടന്ന ഇക്വഡോറിനെതിരെയുള്ള സൗഹൃദ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്റീന വിജയം സ്വന്തമാക്കിയിരുന്നു.

Content Highlight: Lionel Messi talks he will not Participate Argentina team, For Olympics 2024

We use cookies to give you the best possible experience. Learn more