| Tuesday, 1st October 2024, 11:54 am

റയൽ മാഡ്രിഡിനെക്കാൾ ബാഴ്സലോണ താരങ്ങൾ വെറുത്തിരുന്ന ക്ലബ്ബായിരുന്നു അത്: മെസി

സ്പോര്‍ട്സ് ഡെസ്‌ക്

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകളാണ് ബാഴ്‌സലോണയും റയല്‍ മാഡ്രിഡും. ഇരുടീമുകളും സ്പാനിഷ് ലീഗില്‍ നേര്‍ക്കുനേര്‍ എത്തിയ മത്സരങ്ങളിലെല്ലാം ആവേശകരമായ നിമിഷങ്ങള്‍ക്കായിരുന്നു ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്.

എന്നാല്‍ തങ്ങളുടെ എക്കാലത്തെയും മികച്ച എതിരാളികളായ റയല്‍ മാഡ്രിഡിനേക്കാള്‍ ബാഴ്‌സ താരങ്ങള്‍ ഇഷ്ടപ്പെടാത്ത ഒരു ക്ലബ്ബിനെക്കുറിച്ച് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി സംസാരിച്ചിരുന്നു. ഇംഗ്ലീഷ് വമ്പന്‍മാരായ ചെല്‍സിയെയാണ് ബാഴ്‌സ താരങ്ങള്‍ ഇഷ്ടപ്പെടാത്ത ടീമായി തെരഞ്ഞെടുത്തത്. 2006ല്‍ ന്യൂസ് ഓഫ് ദി വേള്‍ഡിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മെസി ഇക്കാര്യം പറഞ്ഞത്.

‘റയല്‍ മാഡ്രിഡിനേക്കാള്‍ ചെല്‍സിയെ വെറുക്കുന്ന ബാഴ്‌സലോണ താരങ്ങള്‍ ഉണ്ട്. ഒരിക്കലും ഇങ്ങനെ പറയുന്നത് ഞാന്‍ കേള്‍ക്കുമെന്ന് കരുതിയിരുന്നില്ല. ബോക്ക ജൂനിയേഴ്‌സ് റിവര്‍ പ്ലേറ്റ് മത്സരത്തേക്കാളും അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള മത്സരത്തേക്കാളും ചെല്‍സിയുമായുള്ള മത്സരത്തില്‍ മോശമായ എന്തെകിലും സംഭവങ്ങള്‍ ഉണ്ടാവുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ചെല്‍സിക്കൊപ്പം കളിക്കുന്നതിനേക്കാള്‍ ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയ മറ്റേതെങ്കിലും ടീമിനൊപ്പം കളിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ മെസി പറഞ്ഞു.

2004-05 യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ അണ്ടര്‍ 16ല്‍ കറ്റാലന്‍മാരെ 5-4 എന്ന അഗ്രിഗ്രേറ്റ് സ്‌കോറില്‍ മറികടന്നുകൊണ്ട് ചെല്‍സി അടുത്ത റൗണ്ടിലേക്ക് മുന്നേറിയിരുന്നു. ഇതിന് ശേഷം ചെല്‍സിയും ബാഴ്‌സയും തമ്മിലുള്ള കളിക്കളത്തിലെ പോര് കൂടുതല്‍ വഷളാവുകയായിരുന്നു.

പിന്നീട് 2005-06 സീസണില്‍ വീണ്ടും അണ്ടര്‍ 16ല്‍ ചെല്‍സിയും ബാഴ്‌സയും നേര്‍ക്കുനേര്‍ എത്തിയിരുന്നു. ഇരുപാദങ്ങളുമായി സ്പാനിഷ് വമ്പന്‍മാര്‍ 3-2 എന്ന അഗ്രിഗേറ്റ് സ്‌കോറില്‍ ജയിച്ചുകയറുകയായിരുന്നു. ആ സീസണിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായതും ബാഴ്‌സ തന്നെയാണ്.

മെസി പത്ത് തവണയാണ് തന്റെ കരിയറില്‍ ചെല്‍സിയെ നേരിട്ടത്. ചാമ്പ്യന്‍സ് ലീഗില്‍ ആയിരുന്നു മെസി ഇംഗ്ലീഷ് വമ്പന്‍മാര്‍ക്കെതിരെ ബൂട്ട് കെട്ടിയത്. ബാഴ്‌സ വിട്ടതിന് ശേഷം മെസി ചെല്‍സിക്കെതിരെ കളിച്ചിട്ടില്ല.

അതേസമയം ബാഴ്‌സലോണക്കായി നീണ്ട 17 വര്‍ഷക്കാലത്തെ അവിസ്മരണീയമായ ഒരു ഫുട്‌ബോള്‍ കരിയറാണ് മെസി കെട്ടിപ്പടുത്തുയര്‍ത്തിയത്. സ്പാനിഷ് വമ്പന്മാര്‍ക്കൊപ്പം 778 മത്സരങ്ങളില്‍ ബൂട്ട്‌കെട്ടിയ മെസി 672 ഗോളുകളാണ് അടിച്ചുകൂട്ടിയത്.

കറ്റാലന്‍മാര്‍ക്കൊപ്പം ഒരു പിടി കിരീടനേട്ടങ്ങളിലും പങ്കാളിയാവാന്‍ മെസിക്ക് സാധിച്ചിട്ടുണ്ട്. ബാഴ്‌സലാണൊക്കൊപ്പം 35 ട്രോഫികളാണ് മെസി നേടിയെടുത്തത്.10 ലാ ലിഗ, നാല് ചാമ്പ്യന്‍സ് ലീഗ് തുടങ്ങി മറ്റനവധി ട്രോഫികള്‍ മെസി ബാഴ്സയില്‍ പന്തുതട്ടി നേടിയിട്ടുണ്ട്.

2021ലാണ് മെസി ബാഴ്‌സയില്‍ നിന്നും ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനിലേക്ക് ചേക്കേറുന്നത്. അവിടെ നിന്നും 2023ല്‍ താരം എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് കൂടുമാറുകയും ചെയ്തു.

Content Highlight: Lionel Messi Talks Barcelona players Hate Chelsea

We use cookies to give you the best possible experience. Learn more