ഫുട്ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസി. ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോയുടെ പേരാണ് മെസി പറഞ്ഞത്. ടി.വൈ.സിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അര്‍ജന്റൈന്‍ ഇതിഹാസം.
‘റൊണാള്‍ഡോ നസാരിയോ ഒരു പ്രതിഭാസമായിരുന്നു. ഫുട്‌ബോളില്‍ ഞാന്‍ ഒരുപാട് സ്‌ട്രൈക്കര്‍മാരെ കണ്ടിട്ടുണ്ട്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ചത് അദ്ദേഹമായിരുന്നു. ഫുട്‌ബോളില്‍ എല്ലാ തലത്തിലും അദ്ദേഹം വളരെ ശ്രദ്ധേയനായിരുന്നു,’ മെസി പറഞ്ഞു.
ഫുട്‌ബോളില്‍ ഐതിഹാസികമായ ഒരു കരിയര്‍ സൃഷ്ടിച്ചെടുത്ത താരമാണ് റൊണാള്‍ഡോ നസാരിയോ. ക്ലബ്ബ് തലത്തില്‍ റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, ഇന്റര്‍ മിലാന്‍, എ.സി മിലാന്‍ എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് ബ്രസീലിയന്‍ ഇതിഹാസം കളിച്ചിട്ടുള്ളത്. യൂറോപ്പിലെ ഈ വമ്പന്‍ ക്ലബ്ബുകള്‍ക്കായി 354 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ റൊണാള്‍ഡോ 294 ഗോളുകളാണ് നേടിയത്.
രാജ്യാന്തരതലത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ റൊണാള്‍ഡോക്ക് സാധിച്ചിരുന്നു. ബ്രസീലിനൊപ്പം രണ്ട് ലോകകപ്പ് രണ്ട് കോപ്പ അമേരിക്ക എന്നീ കിരീട നേട്ടങ്ങളില്‍ പങ്കാളിയാവാന്‍ നസാരിയോക്ക് സാധിച്ചിട്ടുണ്ട്. ബ്രസീലിനായി 98 മത്സരങ്ങളില്‍ നിന്നും 62 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.
അതേസമയം മെസിയും ഫുട്‌ബോളില്‍ അവിസ്മരണീയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ്. സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്‌ബോള്‍ കരിയര്‍ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്ന് വേണ്ടിയും താരം പന്തുതട്ടി.
നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കായി 904 മത്സരങ്ങളില്‍ നിന്നും 735 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്.
രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.
അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ നേടിയത്.
Content Highlight: Lionel Messi Talks About Ronaldo Nazario