| Saturday, 2nd December 2023, 9:50 am

ലാ ലിഗയേക്കാളും ലീഗ് വണ്ണിനേക്കാളും ചെറിയ ലീഗാണ് എം.എല്‍.എസ്; തുറന്ന് പറഞ്ഞ് മെസി

സ്പോര്‍ട്സ് ഡെസ്‌ക്

ലാ ലിഗയേക്കാളും ഫ്രഞ്ച് ലീഗിനേക്കാളും ചെറിയ ലീഗാണ് മേജര്‍ ലീഗ് സോക്കര്‍ എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസി. സ്റ്റാര്‍ പ്ലസ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മെസി.

എം.എല്‍.എസ് ലീഗ് മറ്റു ലീഗുകളെക്കാള്‍ ചെറിയ ലീഗാണെന്നും എന്നാല്‍ തനിക്കും തന്റെ കുടുംബത്തിനും ഇവിടെ അനുയോജ്യമാണെന്നുമാണ് മെസി പറഞ്ഞത്.

‘ഞാനീ വിഷയത്തെക്കുറിച്ച് പലതവണ പറഞ്ഞതാണ്.  ഇവിടെ ഞാനെപ്പോഴും മികച്ച പ്രകടനങ്ങള്‍ നടത്താന്‍ ശ്രമിക്കും. ഞാന്‍ ഒരു ചെറിയ ലീഗിലേക്കാണ് പോയതെന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ വ്യക്തിപരമായി ഞാന്‍ അഭിമുഖീകരിക്കേണ്ട ചില കാര്യങ്ങള്‍ കാരണം ഞാന്‍ ഇവിടെ എത്തി. എനിക്ക് ഇവിടെ വളരെ സുഖമാണ്. അതുകൊണ്ടുതന്നെ ടീമിനൊപ്പം പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ മെസി പറഞ്ഞു.

ഈ സീസണില്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നുമാണ് മെസി ഇന്റര്‍ മയാമിയില്‍ എത്തുന്നത്. തന്റെ അരങ്ങേറ്റ സീസണ്‍ തന്നെ അവിസ്മരണീയമാക്കാന്‍ മെസിക്ക് സാധിച്ചു.

അര്‍ജന്റീനന്‍ സൂപ്പര്‍ താരത്തിന്റെ വരവോടുകൂടി ഇന്റര്‍മയാമി മികച്ച വിജയ് കുതിപ്പാണ് ലീഗില്‍ കാഴ്ചവെച്ചത്. ഇന്റര്‍ മയാമിക്കായി 11 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് മെസിയുടെ അക്കൗണ്ടിലുള്ളത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസ്സിയുടെ നേതൃത്വത്തില്‍ മയാമി സ്വന്തമാക്കിയിരുന്നു.

മെസിയുടെ അമേരിക്കയിലേക്കുള്ള കടന്നുവരവ് എം.എല്‍.എസ്സിന് പുതിയ ഒരു മേല്‍വിലാസമാണ് നേടികൊടുത്തത്. പല പ്രമുഖ താരങ്ങളെയും ഈ ലീഗിലേക്ക് കടന്നുവരാനും അമേരിക്കന്‍ ലീഗിലേക്ക് കൂടുതല്‍ ആരാധകരെ ആകര്‍ഷകമാക്കാനും മെസിയുടെ വരവോട് കൂടി സാധിച്ചു.

Content Highlight: Lionel Messi talks about Major League Soccer.

We use cookies to give you the best possible experience. Learn more