|

വിരമിച്ചാലും നിങ്ങൾ എന്റെയൊപ്പം ഫുട്ബോൾ കളിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്: മെസി

സ്പോര്‍ട്സ് ഡെസ്‌ക്

ഉറുഗ്വായ്ന്‍ സൂപ്പര്‍താരം ലൂയി സുവാരസ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചിരുന്നു. 2026 ലോകകപ്പ് യോഗ്യതയില്‍ പരാഗ്വക്കെതിരെയുള്ള മത്സരത്തിലാണ് അവസാനമായി സുവാരസ് ഉറുഗ്വായ് ജേഴ്സി അണിഞ്ഞത്. മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിയുകയായിരുന്നു.

സുവാരസിന്റെ വിരമിക്കലിന് പിന്നാലെ താരത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് അർജന്റൈൻ ഇതിഹാസം ലയണല്‍ മെസി മുന്നോട്ട് വന്നിരുന്നു. ഒരു വീഡിയോയിലൂടെയാണ് മെസി സുവാരസിനെക്കുറിച്ച് സംസാരിച്ചത്.

‘നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഉറുഗ്വായിലെ ആളുകള്‍ക്കും ഫുട്‌ബോള്‍ ആരാധകര്‍ക്കും വേണ്ടി ഇത്രയും അര്‍ത്ഥവത്തായ ഒരു ദിവസത്തില്‍ ഒരു വീഡിയോ എടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. നിങ്ങള്‍ ദേശീയ ടീമിന് വേണ്ടി നല്‍കിയ സംഭാവനകളെല്ലാം വളരെ വലുതാണ്. വിരമിക്കല്‍ തീരുമാനമെടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എനിക്കറിയാം. ഉറുഗ്വായ്ക്ക് വേണ്ടി കളിക്കാന്‍ നിങ്ങള്‍ എത്രത്തോളം ആഗ്രഹിക്കുന്നുവെന്ന് എനിക്കറിയാം.

നിങ്ങള്‍ എല്ലായ്‌പ്പോഴും മികച്ചതാണ് ടീമിന് നല്‍കിയത്. ഇന്നത്തെ തലമുറയ്ക്കും വരാനിരിക്കുന്ന പുതിയ തലമുറക്കും ഒരു വലിയ ലെഗസിയാണ് നിങ്ങള്‍ നല്‍കുന്നത്. ഇത് നിങ്ങളുടെ കരിയറിന്റെ വളരെ പ്രധാനപ്പെട്ട ഒരു അധ്യായത്തിന്റെ അവസാനമാണ്.

എന്നാല്‍ ഫുട്‌ബോളില്‍ ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അത് ഇന്റര്‍ മയാമിക്കൊപ്പം ആണെന്നുള്ളതില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. എനിക്കും സുവാരത്തിനും വീണ്ടും ഒരു ടീമില്‍ തന്നെ കളിക്കാന്‍ സാധിക്കും. ഓരോ ദിവസവും എന്റെ പ്രിയപ്പെട്ട ആളുകളുമായി സമയം ചെലവഴിക്കാന്‍ ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. ഞാന്‍ നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നുണ്ട്,’ മെസി ഗോളിലൂടെ പറഞ്ഞു.

2007ലാണ് സുവാരസ് ഉറുഗ്വായ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. നീണ്ട 17 വര്‍ഷക്കാലമുള്ള അവിസ്ണീയമായ ഫുട്ബോള്‍ യാത്രക്ക് കൂടിയാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്.

ഉറുഗ്വായ്ക്ക് വേണ്ടി 142 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ സുവാരസ് 69 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. ഉറുഗ്വായെ 2011 കോപ്പ അമേരിക്ക ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് സുവാരസ് വഹിച്ചത്.

ടൂര്‍ണമെന്റില്‍ നാല് ഗോളുകള്‍ നേടി തകര്‍പ്പന്‍ പ്രകടനമായിരുന്നു സുവാരസ് നടത്തിയത്. 2016 കോപ്പ അമേരിക്കയിലെ പ്ലെയര്‍ ഓഫ് ടൂര്‍ണമെന്റ് അവാര്‍ഡും സുവാരസ് സ്വന്തമാക്കിയിരുന്നു.ഉറുഗ്വായ്ക്കായി നാല് ലോകകപ്പുകളിലാണ് സുവാരസ് ബൂട്ട് കെട്ടിയത്.

2010, 2014, 2018, 2022 എന്നീ വര്‍ഷങ്ങളിലായി നടന്ന ലോകകപ്പുകളില്‍ ആയിരുന്നു സുവാരസ് ഉറുഗ്വായ്ക്കായി പന്തുതട്ടിയത്. ഇതോടെ നാലോ അതിലധികമോ തവണ ലോകകപ്പുകളില്‍ കളിക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടാനും സുവാരസിന് സാധിച്ചു.

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചാലും താരം മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി സുവാരസ് കളിക്കും. നിലവില്‍ ഈ സീസണില്‍ അമേരിക്കന്‍ ക്ലബ്ബിനുവേണ്ടി തകര്‍പ്പന്‍ ഫോമിലാണ് സുവാരസ്.

ഇതിനോടകം തന്നെ 20 മത്സരങ്ങളില്‍ നിന്നും 16 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് താരം നേടിയിട്ടുള്ളത്. നിലവില്‍ എം.എല്‍.എസില്‍ 27 മത്സരങ്ങളില്‍ നിന്നും 18 വിജയവും അഞ്ച് സമനിലയും നാല് തോല്‍വിയും അടക്കം 59 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇന്റര്‍ മയാമി.

Content Highlight: Lionel Messi Talks About Luis Suarez

Latest Stories