അവന് ഉറപ്പായും ബാലൺ ഡി ഓർ നേടാൻ സാധിക്കും: മെസിയുടെ വാക്കുകൾ ചർച്ചയാവുന്നു
Football
അവന് ഉറപ്പായും ബാലൺ ഡി ഓർ നേടാൻ സാധിക്കും: മെസിയുടെ വാക്കുകൾ ചർച്ചയാവുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 5th September 2024, 1:34 pm

2024 ബാലണ്‍ ഡി ഓര്‍ അവാര്‍ഡിനുള്ള 30 താരങ്ങളുടെ നോമിനി പട്ടിക ഫ്രാന്‍സ് ഫുട്ബോള്‍ പുറത്തുവിട്ടു. പട്ടികയില്‍ സ്പാനിഷ് യുവതാരം ലാമിനെ യമാല്‍ പത്താം സ്ഥാനത്താണ് ഇടം നേടിയത്.

യമാലിന് ബാലണ്‍ ഡി ഓര്‍ നേടാനുള്ള സാധ്യതകളെക്കുറിച്ച് അര്‍ജന്റന്റൈന്‍ ഇതിഹാസം ലയണല്‍ മെസി പറഞ്ഞിരുന്നു. കഴിഞ്ഞവര്‍ഷം മെസി തന്റെ എട്ടാം ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് നേടിയതിന് ശേഷമായിരുന്നു മെസി യമാലിനെ പറ്റി സംസാരിച്ചത്. മെസിയുടെ ഈ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുന്നത്.

‘വരും വര്‍ഷങ്ങളില്‍ ബാലണ്‍ ഡി ഓറിനായി മത്സരിക്കാന്‍ കഴിയുന്ന യുവതലമുറയിലെ മികച്ച താരങ്ങളുണ്ട്. ഹാലണ്ട്, എംബാപ്പെ, വിനീഷ്യസ് തുടങ്ങിയ ആളുകളുണ്ട്. ഇവരില്‍ ആര് വിജയിക്കുമെന്ന് എനിക്കറിയില്ല.

ഇപ്പോള്‍ ബാഴ്‌സലോണയുടെ പ്രധാന താരങ്ങളില്‍ ഒരാളായ ലാമിന്‍ ഭാവിയില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുകയും ബാലണ്‍ ഡി ഓറിനായി പോരാടുകയും ചെയ്യും. ഫുട്‌ബോളില്‍ മികച്ച കഴിവുള്ള താരങ്ങള്‍ എപ്പോഴും ഉണ്ട്. അവര്‍ക്ക് അത് ആസ്വദിക്കാനുള്ള സമയം വരും,’ മെസി എല്‍.എക്യൂപ്പിനോട് പറഞ്ഞു.

അടുത്തിടെ അവസാനിച്ച യൂറോ കപ്പില്‍ സ്പെയ്നിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച താരമാണ് യമാല്‍. ഈ ടൂര്‍ണമെന്റില്‍ ആറ് മത്സരങ്ങളില്‍ നിന്നും ഒരു ഗോളും നാല് അസിസ്റ്റുമാണ് സ്പാനിഷ് യുവതാരം നേടിയത്.

യൂറോകപ്പില്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു സ്പെയ്ന്‍ തങ്ങളുടെ ചരിത്രത്തിലെ നാലാം യൂറോ കിരീടം സ്വന്തമാക്കിയത്.

നിലവില്‍ ലാ ലിഗയില്‍ ബാഴ്സലോണക്ക് വേണ്ടിയാണ് യമാല്‍ കളിക്കുന്നത്. പുതിയ പരിശീലകന്‍ ഹാന്‍സി ഫ്ലിക്കിന്റെ കീഴില്‍ സ്പാനിഷ് ലീഗില്‍ സ്വപ്നതുല്യമായ കുതിപ്പാണ് ബാഴ്സ നടത്തുന്നത്.

സ്പാനിഷ് ലീഗില്‍ നാല് മത്സരങ്ങളില്‍ നിന്നും ഒരു ഗോളും നാല് അസിസ്റ്റുകളുമാണ് യമാല്‍ നേടിയിട്ടുള്ളത്. നിലവില്‍ നാലു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ നാലും വിജയിച്ചുകൊണ്ട് 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് സ്പാനിഷ് വമ്പന്‍മാര്‍.

അതേസമയം ബാലണ്‍ ഡി ഓര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് റയല്‍ മാഡ്രിഡിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാമാണ്. റയലിന്റെബ്രസീലിയന്‍ യുവതാരം വിനീഷ്യസ് ജൂനിയര്‍ രണ്ടാം സ്ഥാനവും മാഞ്ചസ്റ്റര്‍ സിറ്റി താരം റോഡ്രി മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്.

 

Content Highlight: Lionel Messi Talks About Lamine Yamal