ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസ താരമാണ് ലയണല്‍ മെസി. സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ ഒരു അവിസ്മരണീയമായ കരിയര്‍ കെട്ടിപ്പടുത്തുയര്‍ത്താന്‍ മെസിക്ക് സാധിച്ചിരുന്നു. പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌ന് വേണ്ടിയും മെസി പന്തുതട്ടി. നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്.
ഫുട്‌ബോള്‍ കരിയറില്‍ ഒരു പിടി മികച്ച താരങ്ങളോടൊപ്പം കളിച്ച അനുഭവ സമ്പത്തുള്ള താരമാണ് മെസി. ഇപ്പോഴിതാ കളിക്കളത്തിലെ തന്റെ നീക്കങ്ങള്‍ കൃത്യമായി മനസിലാക്കുന്ന താരം ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അർജന്റൈൻ നായകൻ.
സ്പാനിഷ് താരം ജോർഡി ആല്‍ബയുടെ പേരാണ് മയാമി നായകന്‍ പറഞ്ഞത്. കാറ്റലൂനിയ റേഡിയോയിലൂടെ സംസാരിക്കുകയായിരുന്നു മെസി.
‘ജോർഡി ആല്‍ബയ്ക്ക് എന്നെ പൂര്‍ണമായും അറിയാം. ഞാന്‍ എപ്പോള്‍ പാസ് നല്‍കുമെന്ന് അവന് കൃത്യമായി അറിയാം. കളിക്കളത്തില്‍ എനിക്ക് അവനുമായി പ്രത്യേക ബന്ധമാണുള്ളത്,’ മെസി പറഞ്ഞു.
ബാഴ്‌സലോണയിലും ഇന്റര്‍ മയാമിയിലും 366 മത്സരങ്ങളിലാണ് ഇരുവരും ഒരുമിച്ച് കളിച്ചിട്ടുള്ളത്. ഇരുവരും ഒരുമിച്ച് കളിച്ചപ്പോൾ 38 ഗോളുകളാണ് നേടിയിട്ടുള്ളത്. ഇതില്‍ 11 ഗോളുകള്‍ ജോർഡി ആല്‍ബ നേടിയപ്പോള്‍ 27 തവണ മെസിയും ലക്ഷ്യം കണ്ടു.
2023ലാണ് ജോർഡി ആല്‍ബ മയാമിയിലേക്ക് ചേക്കേറിയത്. അമേരിക്കന്‍ ക്ലബ്ബിനുവേണ്ടി 30 മത്സരങ്ങളിലാണ് സ്പാനിഷ് താരം ബൂട്ട് കെട്ടിയത്. ഇതിനോടകം തന്നെ അഞ്ച് ഗോളുകളും അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.
മെസിയും കഴിഞ്ഞ സീസണിൽ തന്നെയായിരുന്നു മയാമിയില്‍ എത്തിയത്. സൂപ്പര്‍താരത്തിന്റെ വരവിന് പിന്നാലെ മികച്ച വിജയ കുതിപ്പായിരുന്നു മയാമി നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് കിരീടവും മയാമി മെസിയുടെ നേതൃത്വത്തില്‍ സ്വന്തമാക്കിയിരുന്നു.
നിലവില്‍ എം.എല്‍.എസില്‍ 25 മത്സരങ്ങളില്‍ നിന്നും 15 വിജയവും അഞ്ച് സമനിലയും നാല് തോല്‍വിയും അടക്കം 53 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് മെസിയും സംഘവും. ലീഗ്സ് കപ്പില്‍ ഓഗസ്റ്റ് നാലിന് ടൈഗേഴ്‌സ് യു.എ.എന്‍.എല്ലിനെതിരെയാണ് മയാമിയുടെ അടുത്ത മത്സരം. എന്‍.ആര്‍.ജി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Lionel Messi Talks About Jordi Alba