2026 ലോകകപ്പ് കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. എന്നാല്‍ തന്റെ നിലവിലുള്ള പ്രധാന ശ്രദ്ധ അടുത്തവര്‍ഷം നടക്കുന്ന കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയോടൊപ്പം മികച്ച പ്രകടനം നടത്തുകയാണെന്നും മെസി പങ്കുവെച്ചു.
‘ ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്ന ഒരേ ഒരു കാര്യം കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കൊപ്പം മികച്ച പ്രകടനങ്ങള്‍ നടത്തി നന്നായി കളിക്കുക എന്നതാണ്. ഞങ്ങളെല്ലാം ഇപ്പോഴും ചെയ്യുന്നതുപോലെ കളിക്കളത്തില്‍ ചാമ്പ്യന്മാര്‍ ആവാന്‍ പോരാടുകയാണ് വേണ്ടത്. ആ സമയങ്ങളിലാണ് ഞാന്‍ അടുത്ത ലോകകപ്പില്‍ ഉണ്ടോ എന്ന് പറയാന്‍ എനിക്ക് സാധിക്കുക. അടുത്ത ലോകകപ്പ് ആവുമ്പോഴേക്കും എനിക്ക് 39 വയസാവും.
എന്നാല്‍ ഞാന്‍ 2022 ലോകകപ്പിന് ശേഷം വിരമിക്കുകയാണെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ അത് മാറ്റിപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അര്‍ജന്റീനക്കൊപ്പം ഇനിയും കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അടുത്ത ലോകകപ്പില്‍ ഉണ്ടാവില്ലെന്ന് ഞാന്‍ പറയുന്നില്ല.
ആ സമയങ്ങളില്‍ എന്താവും എന്ന് നമുക്ക് കണ്ടു തന്നെ അറിയാം. ഇപ്പോള്‍ ശ്രദ്ധിക്കുന്നത് കോപ്പ അമേരിക്കയിലെ എത്രത്തോളം നന്നായി കളിക്കാന്‍ സാധിക്കുമെന്നാണ്,’ മെസി ഇ.എസ്.പി.എന്നിനോട് പറഞ്ഞു.
2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ലോക കിരീടത്തിലേക്ക് നയിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു. ആ ടൂര്‍ണമെന്റില്‍ ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിക്കൊണ്ട് ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കാനും മെസിക്ക് സാധിച്ചിരുന്നു.
താരം നിലവില്‍ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയുടെ താരമാണ്. അരങ്ങേറ്റ സീസണ്‍ തന്നെ മയാമിക്കൊപ്പം മികച്ച പ്രകടനമാണ് മെസി കാഴ്ചവെച്ചത്. നിലവില്‍ പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പിലാണ് മെസിയും കൂട്ടരും.
അര്‍ജന്റീനന്‍ സൂപ്പര്‍താരം അടുത്ത ലോകകപ്പില്‍ കളിക്കുമോ എന്ന് കണ്ടുതന്നെ അറിയണം.
Content Highlight: Lionel Messi talks about his future carrier with Argentina football team.