അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി തന്റെ ഫുട്‌ബോള്‍ കരിയറില്‍ ഒരുപിടി മികച്ച താരങ്ങള്‍ക്കൊപ്പം പന്തുതട്ടിയിട്ടുണ്ട്. തന്റെ ഫുട്‌ബോള്‍ കരിയറിലെ പ്രിയപ്പെട്ട താരങ്ങളെക്കുറിച്ച് മെസി സംസാരിച്ചിരുന്നു. ടൈറ്റന്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മെസി തന്റെ പ്രിയപ്പെട്ട താരങ്ങളെക്കുറിച്ച് പറഞ്ഞത്.
‘ബാഴ്‌സലോണയില്‍ ഒരുപാട് കാലം കളിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. മികച്ച താരങ്ങളോടൊപ്പം കളിക്കാനും അവരോടൊപ്പം കളിക്കളത്തില്‍ ആസ്വദിക്കാനും എനിക്ക് സാധിച്ചു. ധാരാളം ആളുകള്‍ എന്റെ മുന്നിലുണ്ട്. ഞാന്‍ പരാമര്‍ശിക്കാന്‍ മറന്ന നിരവധി താരങ്ങള്‍ ഉണ്ട്. മികച്ച താരങ്ങള്‍ക്കൊപ്പവും മികച്ച സ്‌ട്രൈക്കര്‍മാര്‍ക്കൊപ്പവും കളിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. നെയ്മര്‍, ലൂയി സുവാരസ്, സ്ലാട്ടന്‍, ഡേവിഡ് വിയ്യ എന്നീ താരങ്ങള്‍ക്കൊപ്പം ഞാന്‍ വളരെ മികച്ച രീതിയിലാണ് കളിച്ചത്,’ മെസി പറഞ്ഞു.
സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്ബോള്‍ കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ മെസിക്ക് സാധിച്ചു. സ്പാനിഷ് വമ്പന്മാര്‍ക്കൊപ്പം 778 മത്സരങ്ങളില്‍ ബൂട്ട്‌കെട്ടിയ മെസി 672 ഗോളുകളാണ് അടിച്ചുകൂട്ടിയത്. കറ്റാലന്‍മാര്‍ക്കൊപ്പം നീണ്ട വര്‍ഷത്തെ ഫുട്‌ബോള്‍ ഒരു പിടി കിരീടനേട്ടങ്ങളിലും പങ്കാളിയാവാന്‍ മെസിക്ക് സാധിച്ചിട്ടുണ്ട്.
10 ലാ ലിഗ, നാല് ചാമ്പ്യന്‍സ് ലീഗ് തുടങ്ങി മറ്റനവധി ട്രോഫികള്‍ മെസി ബാഴ്‌സയില്‍ പന്തുതട്ടി നേടിയിട്ടുണ്ട്. 2021ലാണ് മെസി ബാഴ്‌സയില്‍ നിന്നും ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനിലേക്ക് ചേക്കേറുന്നത്. നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്.
അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെയുള്ള മത്സരത്തില്‍ മെസിക്ക് പരിക്ക് പറ്റിയിരുന്നു. ഇതിനു പിന്നാലെ ധാരാളം മത്സരങ്ങള്‍ മെസിക്ക് നഷ്ടമായിരുന്നു. പരിക്കില്‍ നിന്നും തിരിച്ചെത്തിയ മെസി മിന്നും പ്രകടമായിരുന്നു മയാമിക്ക് വേണ്ടി നടത്തിയിരുന്നത്. ഫിലാഡല്‍ഫിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി പരാജയപ്പെടുത്തിയ മത്സരത്തില്‍ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം തിളങ്ങിയത്.
രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ നേടിയത്.
Content Highlight: Lionel Messi Talks About His Favorite Football Players