ഇന്റര്‍ മയാമി സൂപ്പര്‍താരം ലയണല്‍ മെസി തന്റെ പഴയ ക്ലബ്ബായ ബാഴ്സലോണയിലേക്ക് ഈ സമ്മറില്‍ പോവുമെന്ന ശക്തമായ അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ തന്റെ നിലപാടെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മെസി.
ഈ റിപ്പോര്‍ട്ടുകള്‍ എല്ലാം തെറ്റാണെന്നും താന്‍ ബാഴ്സയിലേക്ക് മടങ്ങില്ലെന്നുമാണ് മെസി പറഞ്ഞത്.
‘ഇല്ല ക്യാമ്പ് നൗവിലേക്ക് മടങ്ങാന്‍ ഒട്ടും അവസരമില്ല,’ മെസി എല്‍ എക്യുപിനോട് പറഞ്ഞു.
സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണക്കൊപ്പം നീണ്ട കരിയര്‍ ആണ് മെസി കെട്ടിപ്പടുത്തുയര്‍ത്തിയത്. എന്നാല്‍ 2021ല്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനിലേക്ക് താരം ചേക്കേറുകയായിരുന്നു. അവിടെനിന്നും ഈ സീസണില്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്കും താരം കൂടുമാറി.
താരത്തെ സ്വന്തമാക്കാന്‍ സൗദി ക്ലബ്ബുകളും യൂറോപ്യന്‍ ക്ലബ്ബുകളും പിന്നാലെ ഉണ്ടായിരുന്നു എന്നും മെസി വ്യക്തമാക്കി.
‘ഈ വര്‍ഷം എന്റെ മുന്നില്‍ ഒരുപാട് ഓഫറുകള്‍ ഉണ്ടായിരുന്നു സൗദിയിലെ ഒരുപാട് ക്ലബ്ബുകളും യൂറോപ്യന്‍ ക്ലബ്ബുകളും ഉള്‍പ്പെടെ നിരവധി ഓഫറുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ മയാമിയിലേക്ക് പോകാനാണ് തീരുമാനിച്ചത്. ഈ തീരുമാനം വളരെ സന്തോഷമുള്ളതായിരുന്നു,’ മെസി ടോറന്റ് ടോര്‍ച്ചോട് പറഞ്ഞു.
മെസിയുടെ വരവോടുകൂടി ഇന്റര്‍മയാമി മികച്ച വിജയകുതിപ്പാണ് നടത്തിയത്. അദ്ദേഹം ഇന്റര്‍ മിയാമിക്ക് വേണ്ടി 14 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടി. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തില്‍ അവര്‍ സ്വന്തമാക്കി.
Content Highlight: Lionel messi talks about his coming back to Barcelona rumours.