ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസതാരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന് വേണ്ടിയും ബാഴ്‌സലോണക്ക് വേണ്ടിയും ഇരുതാരങ്ങളും നടത്തിയ അവിസ്മരണീയമായ പോരാട്ടങ്ങള്‍ ഇപ്പോഴും ആരാധകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന നിമിഷങ്ങളാണ്. റയല്‍-ബാഴ്‌സ എല്‍ക്ലാസിക്കോയില്‍ പല സമയത്തും മെസിയും റൊണാള്‍ഡോയും നടത്തിയ പോരാട്ടങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.
ഒരിക്കല്‍ റൊണാള്‍ഡൊക്കെതിരെ കളിക്കുമ്പോഴുള്ള അനുഭവം എങ്ങനെയാണെന്നതിനെക്കുറിച്ച് മെസി സംസാരിച്ചിരുന്നു. പരസ്പരം കളിക്കുമ്പോള്‍ റൊണാള്‍ഡോ തന്നെ കഷ്ടപ്പെടുത്തിയെങ്കിലും അതെല്ലാം രസകരമായ നിമിഷങ്ങളായിരുന്നുവെന്നാണ് മെസി പറഞ്ഞത്.
അര്‍ജന്റൈന്‍ ഇതിഹാസത്തിന്റെ ഈ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുന്നത്. ഫുട്‌ബോള്‍ ഇറ്റാലിയയിലൂടെയാണ് മെസി ഇക്കാര്യം പറഞ്ഞത്.
‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്റെ അതേ നിലവാരത്തില്‍ കളിക്കുന്ന താരമാണെന്ന് ഞാന്‍ കരുതുന്നു. കളിക്കളത്തില്‍ അദ്ദേഹത്തിനെതിരെ കളിക്കുമ്പോള്‍ എന്നെ കഷ്ടപ്പെടുത്തിയെങ്കിലും റൊണാള്‍ഡോക്കെതിരെ കളിക്കുന്നത് രസകരമായിരുന്നു. റയല്‍ മാഡ്രിഡ് ഒരുപാട് ട്രോഫികള്‍ ഉയര്‍ത്തുന്നത് എന്നെ പ്രകോപിപ്പിച്ചു,’ മെസി പറഞ്ഞു.
റൊണാള്‍ഡോ നിലവില്‍ സൗദി വമ്പന്മാരായ അല്‍ നസറിന് വേണ്ടിയാണ് ബൂട്ട് കെട്ടുന്നത്. സൗദി സൂപ്പര്‍ കപ്പിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് റൊണാള്‍ഡോയും അല്‍ നസറും. ഓഗസ്റ്റ് 14ന് പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ മത്സരത്തില്‍ അല്‍ താവൂണിനെയാണ് റൊണാള്‍ഡോയും സംഘവും നേരിടുന്നത്.
മെസി നിലവില്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കുവേണ്ടിയുമാണ് കളിക്കുന്നത്. നിലവില്‍ പരിക്കിനെ തുടര്‍ന്ന് അമേരിക്കന്‍ ക്ലബ്ബിനായി കഴിഞ്ഞ കുറച്ചു മത്സരങ്ങളില്‍ കളിക്കാന്‍ മെസിക്ക് സാധിച്ചിരുന്നില്ല.
അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ആയിരുന്നു മെസിക്ക് പരിക്ക് പറ്റിയത്. കൊളംബിയക്കെതിരെയുള്ള കലാശ പോരാട്ടത്തില്‍ കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് മെസി മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ടിരുന്നു. എന്നാല്‍ മത്സരത്തിന്റെ എക്സ്ട്രാ ടൈമില്‍ ലൗട്ടാരോ മാര്‍ട്ടിനസിന്റെ ഗോളിലൂടെ അര്‍ജന്റീന വിജയിക്കുകയായിരുന്നു.
Content Highlight: Lionel Messi Talks About Cristaino Ronaldo