| Thursday, 12th September 2024, 10:25 am

ആ ഇതിഹാസത്തിനൊപ്പം ഒരേ ടീമിൽ കളിക്കാൻ എനിക്ക് ആഗ്രഹമുണ്ട്: ലയണൽ മെസി

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മിന്നും പ്രകടനങ്ങളിലൂടെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ലാ ലീഗയില്‍ ബാഴ്‌സലോണക്കും റയല്‍ മാഡ്രിഡ്രിനും വേണ്ടി ഇരുതാരങ്ങളും പലതവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്.

എന്നാല്‍ റൊണാള്‍ഡോക്കൊപ്പം ഒരേ ടീമില്‍ കളിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് മെസി സംസാരിച്ചിരുന്നു. സ്‌പോര്‍ട്‌സ്‌ ബൈബിളിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു പോര്‍ച്ചുഗീസ് ഇതിഹാസത്തിനൊപ്പം പന്തുതട്ടാനുള്ള ആഗ്രഹത്തെക്കുറിച്ച് മെസി സംസാരിച്ചത്.

‘തീര്‍ച്ചയായും, ഞാന്‍ എപ്പോഴും മികച്ച താരങ്ങളുമായി ഫുട്‌ബോള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നു. റൊണാള്‍ഡോ അവരില്‍ ഒരാളാണ്. ഒരേ ടീമില്‍ കളിക്കുന്നത് ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന് ഞാന്‍ കരുതുന്നു. എങ്കിലും ഞാന്‍ അദ്ദേഹത്തോടൊപ്പം കളിക്കാന്‍ ആഗ്രഹിക്കുന്നു. ഫുട്‌ബോളില്‍ ഞാന്‍ ഒരുപാട് താരങ്ങളോടൊപ്പം കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തോടൊപ്പം കളിക്കളത്തില്‍ ഒരുമിച്ച് വാരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ മെസി പറഞ്ഞു.

സ്പാനിഷ് ലീഗില്‍ 36 തവണയാണ് രണ്ട് ഇതിഹാസതാരങ്ങളും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ റൊണാള്‍ഡോ 22 തവണ ലക്ഷ്യം കണ്ടപ്പോള്‍ മെസി 21 ഗോളുകളും നേടി.

നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കായി 904 മത്സരങ്ങളില്‍ നിന്നും 735 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്.

രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.

അതേസമയം സൗദി ക്ലബ്ബായ അല്‍ നസറിന്റെ താരമാണ്. റൊണാള്‍ഡോ യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനായി മിന്നും ഫോമിലാണ് ഇപ്പോള്‍ കളിച്ചത്. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് തകര്‍പ്പന്‍ ഫോമിലാണ് പോര്‍ച്ചുഗല്‍.

ഈ രണ്ടു മത്സരങ്ങളിലും റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ഗോള്‍ നേടിയിരുന്നു. ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെ തന്റെ ഫുട്‌ബോള്‍ കരിയറില്‍ 900 ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് റൊണാള്‍ഡോ നടന്നു കയറിയിരുന്നു.

സ്‌കോട്ലാന്‍ഡിനെതിരെയുള്ള രണ്ടാം മത്സരത്തിലും റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു. സ്‌കോട്ലാന്‍ഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ പോര്‍ച്ചുഗലിനായി വിജയഗോള്‍ നേടിയത് റൊണാള്‍ഡോ ആയിരുന്നു.

Content Highlight: Lionel Messi Talks About Cristaino Ronaldo

We use cookies to give you the best possible experience. Learn more