Advertisement
Football
അവന് വേണ്ടി ഞങ്ങൾക്ക് ഈ കോപ്പ അമേരിക്ക കിരീടം നേടണം: ലയണൽ മെസി
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 11, 06:35 am
Thursday, 11th July 2024, 12:05 pm

2024 കോപ്പ അമേരിക്ക ഫൈനലില്‍ പന്തുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ജൂലൈ 15ന് മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും കൊളംബിയയുമാണ് ഏറ്റുമുട്ടുന്നത്.

കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലയണല്‍ മെസിയും സംഘവും ഫൈനലിലേക്ക് മുന്നേറിയത്. മറുഭാഗത്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ബ്രസീലിനെ പരാജയപ്പെടുത്തി സെമിയില്‍ കടന്ന ഉറുഗ്വായെ വീഴ്ത്തിയാണ് കൊളംബിയ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.

ഇപ്പോള്‍ ഫൈനല്‍ മത്സരത്തിനു മുന്നോടിയായി അര്‍ജന്റീനന്‍ സൂപ്പര്‍ താരം ഏഞ്ചൽ ഡി മരിയയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മെസി. ഈ കോപ്പ അമേരിക്ക ഡി മരിയക്ക് വേണ്ടി നേടാണെമെന്നാണ് മെസി പറഞ്ഞത്. അല്‍ബിസെലെസ്റ്റ് ടോക്കിലൂടെ പ്രതികരിക്കുകയായിരുന്നു അർജന്റൈൻ ഇതിഹാസം.

‘ഇത് ഞങ്ങളുടെ അവസാന പോരാട്ടമാണെന്ന് ഞങ്ങൾക്കറിയാം. ഇതാണ് തന്റെ അവസാനത്തെ കോപ്പ അമേരിക്കയെന്നും ഇതിനുശേഷം ഫുട്‌ബോളിൽ നിന്നും വിരമിക്കുമെന്നും ഡി മരിയ നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഒരു കോപ്പ അമേരിക്ക ഫൈനലിന്റെ വേദിയിൽ നിന്നുകൊണ്ടുതന്നെ ഫുട്‍ബോൾ കരിയർ അവസാനിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുന്നത് കൂടുതൽ സന്തോഷമാണ് നൽകുന്നത്.

അവസാനത്തെ ഈ ഫൈനൽ മികച്ച രീതിയിൽ ആകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഫൈനൽ വിജയിച്ചാൽ ഒരു കിരീടം കൂടി നേടിക്കൊണ്ട് ഡി മരിയയ്ക്ക് ഫുട്‌ബോളിൽ നിന്നും വിടപറയാം. ടീം എന്ന നിലയിൽ ഞങ്ങൾ നേടിയ എല്ലാ നേട്ടങ്ങളിലും ഞങ്ങൾക്ക് അഭിമാനമുണ്ട്. ഫൈനൽ മത്സരത്തിലും വിജയിക്കാൻ വേണ്ടി ഞങ്ങൾ നന്നായി പരിശ്രമിക്കും,’ മെസി പറഞ്ഞു.

2024 കോപ്പ അമേരിക്ക ടൂര്‍ണമെന്റ് അവസാനിച്ചാല്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ നിന്നും വിരമിക്കുമെന്ന് ഡി മരിയ നേരത്തെ അറിയിച്ചിരുന്നു. അര്‍ജന്റീനക്കായി ഒരു പിടി മികച്ച സംഭാവനകള്‍ നല്‍കിയ താരങ്ങളില്‍ ഒരാളാണ് ഡി മരിയ.

അര്‍ജന്റീനന്‍ ജനതയുടെ 28 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഡി മരിയക്ക് സാധിച്ചിരുന്നു. മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് സ്‌കലോണിയും സംഘവും വീഴ്ത്തിയപ്പോള്‍ മത്സരത്തിലെ വിജയഗോള്‍ നേടിയത് ഡി മരിയ ആയിരുന്നു.

പിന്നീട് നടന്ന ഇറ്റലിക്കെതിരെയുള്ള ഫൈനല്‍സീമ ടൂര്‍ണമെന്റിലും താരം ഗോള്‍ നേടിയിരുന്നു. 2022 ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ ഫ്രാന്‍സിനെതിരെയും അര്‍ജന്റീനയുടെ സ്‌കോര്‍ ഷീറ്റില്‍ തന്റെ പേര് എഴുതി ചേര്‍ക്കാന്‍ ഡി മരിയക്ക് സാധിച്ചിരുന്നു. സമീപകാലങ്ങളില്‍ അര്‍ജന്റീന നേടിയ മൂന്ന് കിരീടം നേട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ഡി മരിയക്ക് സാധിച്ചു.

ഇപ്പോള്‍ മറ്റൊരു മേജര്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അര്‍ജന്റീന എത്തി നില്‍ക്കുമ്പോള്‍ കോപ്പ കിരീടം നേടിക്കൊണ്ട് ഫുട്‌ബോളില്‍ നിന്നും വിരോചിതമായ വിടവാങ്ങാന്‍ ആയിരിക്കും ഡി മരിയ ലക്ഷ്യമിടുക.

 

 

Content Highlight: Lionel Messi talks about Amgel Di Maria