സംഘര്‍ഷഭരിതമായ സീസണിനൊടുവിലാണ് ലയണല്‍ മെസി ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസി.ജി വിടുന്നത്. ഡ്രസിങ് റൂമിലും പി.എസ്.ജി അള്‍ട്രാസില്‍ നിന്നും മെസി സമ്മര്‍ദം നേരിട്ടിരുന്നു. പാരീസിയന്‍സിനൊപ്പം ചെലവഴിച്ച നാളുകളെ കുറിച്ച് പങ്കുവെക്കുകയാണ് ഇപ്പോള്‍ താരം.
പി.എസ്.ജിയിലായിരുന്നപ്പോള്‍ ദേശീയ ടീമിലേക്കുള്ള യാത്രയായിരുന്നു ഏക ആശ്വാസമെന്നും ഇപ്പോള്‍ മയാമിയില്‍ അത്തരത്തിലുള്ള സന്തോഷം കണ്ടെത്താനാകുന്നുണ്ടെന്നും മെസി പറഞ്ഞു. ആപ്പിള്‍ ടി.വിയോട് സംസാരിക്കുമ്പോഴാണ് മെസി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘കാഠിന്യമേറിയ രണ്ട് വര്‍ഷങ്ങളായിരുന്നു പി.എസ്.ജിയിലായിരുന്നപ്പോള്‍ ഉണ്ടായിരുന്നത്. ഫുട്‌ബോള്‍ കളിക്കുമ്പോള്‍ അത് ആസ്വദിക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. അര്‍ജന്റീന ടീമിനൊപ്പമുള്ള മാച്ചുകളായിരുന്നു ആ സമയത്ത് ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍. ഇവിടെ മയാമിയില്‍ എനിക്ക് അത്തരത്തിലുള്ള സന്തോഷം ലഭിക്കുന്നുണ്ട്. ഒരു പന്തിനൊപ്പമാണ് എന്റെ സന്തോഷം,’ മെസി പറഞ്ഞു.
ഇന്റര്‍ മയാമിയിലെത്തിയതിന് ശേഷം തകര്‍പ്പന്‍ പ്രകടനമാണ് മെസി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ലീഗ്സ് കപ്പ് ഫൈനലില്‍ നാഷ്വില്ലിനെ തകര്‍ത്ത് ഇന്റര്‍ മയാമി കിരീടമുയര്‍ത്തിയിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനിലയില്‍ തുടര്‍ന്നതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് മെസിപ്പട കപ്പുയര്‍ത്തിയത്. യു.എസ് ഓപ്പണ്‍ കപ്പ് സെമി ഫൈനലില്‍ ബുധനാഴ്ച നടന്ന മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്റര്‍ മയാമിയെ ജയത്തിലേക്ക് നയിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു.
എട്ട് മത്സരങ്ങളില്‍ നിന്ന് 10 ഗോളും മൂന്ന് അസിസ്റ്റുമാണ് മെസിയുടെ സമ്പാദ്യം. ലീഗ്‌സ് കപ്പില്‍ മയാമിക്കായി കപ്പുയര്‍ത്തിയതോടെ മറ്റൊരു റെക്കോഡ് കൂടി മെസിയെ തേടിയെത്തിയിരുന്നു. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ താരമെന്ന റെക്കോഡാണ് മെസി സ്വന്തമാക്കിയത്. ഇതോടെ 44 ടൈറ്റിലുകളാണ് മെസിയുടെ പേരിലുള്ളത്.
Content Highlights: Lionel Messi talking about the days he spent with PSG