| Friday, 2nd August 2024, 10:07 pm

കോപ്പ അമേരിക്കന്‍ സെലിബ്രേഷന്‍ ഓര്‍മയില്ലെ, ഫ്രാന്‍സിന് മുന്നില്‍ ഇന്ന് നിങ്ങള്‍ ബുദ്ധിമുട്ടും: മെസി

സ്പോര്‍ട്സ് ഡെസ്‌ക്

ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള വാശിയേറിയ മത്സരമാണ് നടക്കാന്‍ പോകുന്നത്. ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും ശക്തരായ ടീമുകളാണ് ഫ്രാന്‍സും അര്‍ജന്റീനയും. ഫിഫ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ പെനാല്‍റ്റിയിലാണ് കരുത്തരായ അര്‍ജന്റീന തോല്പിച്ച് ഫിഫ ലോകകപ്പ് സ്വന്തമാക്കിയത്. ലോകകപ്പിന് ശേഷം ആദ്യമായാണ് ഇരുവരും ഏറ്റുമുട്ടുന്നത് എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.

ഒളിമ്പിക്‌സിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ആരാണ് വിജയം സ്വന്തമാക്കുക എന്ന ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍. ഇന്ന് പുലര്‍ച്ച 12:30am നാണ് മത്സരം.

ഈ കഴിഞ്ഞ കോപ്പ അമേരിക്കയില്‍ കൊളംബിയയെ തോല്‍പ്പിച്ചതിന് ശേഷം കിരീടധാരണ ചടങ്ങില്‍ അര്‍ജന്റീനന്‍ താരങ്ങള്‍ ഫ്രാന്‍സ് താരങ്ങളെ വംശീയമായി അധിക്ഷേപിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്നത്തെ മത്സരം പൊടിപാറുമെന്നത് ഉറപ്പാണ്. ഇതോടെ അര്‍ജന്റൈനന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസി സംസാരിച്ചതാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്നത്.

‘ഫ്രാന്‍സിനെതിരെയുള്ള നാളത്തെ മത്സരം വളരെ പ്രധാനപ്പെട്ടതാണ്. കളത്തില്‍ നന്നായി ശ്രദ്ധ പാലിക്കണം. എതിരാളികളെ ബഹുമാനിക്കുകയും വേണം. കോപ്പ അമേരിക്ക സെലിബ്രേഷനില്‍ നടന്ന കാര്യങ്ങള്‍ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കരുത്. ഫ്രാന്‍സിനെതിരെയുള്ള മത്സരം വളരെയധികം ബുദ്ധിമുട്ടായിരിക്കും, കാരണം അവരുടെ ആരാധകരുടെ മുമ്പില്‍ വെച്ചാണ് മത്സരം.

വിജയം നേടണമെങ്കില്‍ നന്നായി ശ്രദ്ധ പുലര്‍ത്തണം. രാജ്യത്തിന് മെഡല്‍ നേടിക്കൊടുക്കാന്‍ നിങ്ങള്‍ പരമാവധി പൊരുതണം. നിങ്ങള്‍ക്കും മെഡലിനും ഇടയിലുള്ള ഏറ്റവും പ്രധാനപ്പെട്ട ലൈന്‍ നാളത്തെ മത്സരമാണ്. ഞങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ട്, എല്ലാവിധ ആശംസകളും നേരുന്നു,’ മെസി പറഞ്ഞു.

Content Highlight: Lionel Messi Talking About Match Against France

We use cookies to give you the best possible experience. Learn more