ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ലയണല്‍ മെസി. പ്രകടനം കൊണ്ട് ഫുട്‌ബോളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ മെസിക്ക് സാധിച്ചിട്ടുണ്ട്. ക്ലബ്ബ് തലത്തിലും ദേശീയ തലത്തിലും 46 ട്രോഫികളും തന്റെ ഐതിഹാസികമായ കരിയറില്‍ താരം സ്വന്തമാക്കി.
അര്‍ജന്റീനയെ അവരുടെ മൂന്നാമത് ലോകകപ്പ് വിജയത്തിലേക്ക് നയിച്ചതും ഒന്നുമല്ലാതിരുന്ന ഇന്റര്‍ മയാമിയെ സപ്പോര്‍ട്ടേഴ്സ് ഷീല്‍ഡ് ജേതാക്കളാക്കിയതും മെസിയുടെ കരിയറിലെ സുവര്‍ണ നേട്ടങ്ങളില്‍ ചിലതാണ്. കഴിഞ്ഞ ദിവസം പ്രമുഖ സ്പാനിഷ് മാധ്യമമായ മാര്‍ക്കയാ മെസിയെ ആദരിക്കുകയും ഒരു പുരസ്‌കാരം താരത്തിന് നല്‍കുകയും ചെയ്തിരുന്നു.
ക്ലബ് തലത്തില്‍ ഒരുപാട് ടീമില്‍ കളിച്ച മെസി ഇപ്പോള്‍ തനിക്ക് ഇഷ്ടപ്പെട്ട ക്ലബ്ബ് ഏതാണെന്ന് ചടങ്ങില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ബാഴ്‌സലോണയാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്ലബ്ബ് എന്നാണ് അദ്ദേഹം പറഞ്ഞത്.
മെസി പറഞ്ഞത്
‘ആദ്യമായി ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. ഞാന്‍ സ്വപ്നം കണ്ടതെല്ലാം നേടി കഴിഞ്ഞു. വേള്‍ഡ് കപ്പ് നേടുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം. കൂടാതെ എന്റെ ജീവനായ ബാഴ്‌സലോണ ക്ലബ്ബിനോടൊപ്പം ഞാന്‍ എല്ലാം സ്വന്തമാക്കി. പി.എസ്.ജിക്കൊപ്പവും ഞാന്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്,
ഇനി എനിക്ക് ഒന്നുമില്ല. എന്റെ കരിയര്‍ അവസാന ഘട്ടത്തില്‍ എത്തിക്കഴിഞ്ഞു. ബാക്കിയുള്ള നിമിഷങ്ങള്‍ പരമാവധി ആസ്വദിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അര്‍ജന്റീനയും ബാഴ്‌സലോണയുമാണ് എന്റെ വീടുകള്‍. ഇന്ന് ഞാന്‍ വളരെയധികം ഹാപ്പിയായ മറ്റൊരു സ്ഥലത്താണ് ഉള്ളത്. എന്റെ ജീവിതത്തിന്റെ പുതിയ ഒരു ഘട്ടമാണിത്,’ മെസി പറഞ്ഞു.
Content Highlight: Lionel Messi Talking About His Football Journey