'കരിയറില്‍ ഉയരാന്‍ എന്തൊക്കെ ആവശ്യമുണ്ടോ അതെല്ലാം അദ്ദേഹം പരിശീലിപ്പിക്കും'; സൂപ്പര്‍കോച്ചിനെ കുറിച്ച് മെസി
Football
'കരിയറില്‍ ഉയരാന്‍ എന്തൊക്കെ ആവശ്യമുണ്ടോ അതെല്ലാം അദ്ദേഹം പരിശീലിപ്പിക്കും'; സൂപ്പര്‍കോച്ചിനെ കുറിച്ച് മെസി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th April 2023, 1:30 pm

ഈ സീസണില്‍ മികച്ച പ്രകടനമാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി പി.എസ്.ജിയില്‍ കാഴ്ചവെക്കുന്നത്. 2020-21 സീസണിലാണ് താരം ബാഴ്‌സലോണയില്‍ നിന്ന് പി.എസ്.ജിയിലേക്ക് ചേക്കേറിയത്.

ബാഴ്‌സലോണയിലും പി.എസ്.ജിയിലുമായി നിരവധി പരിശീലകരില്‍ നിന്ന് താരത്തിന് കോച്ചിങ് ലഭിച്ചിട്ടുണ്ട്. തന്റെ കരിയറിലെ ഏറ്റവും മികച്ച പരിശീലകനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മെസി.

മുന്‍ ബാഴ്‌സലോണ കോച്ച് പെപ് ഗ്വാര്‍ഡിയോളയാണ് തന്നെ അത്രമേല്‍ സ്വാധീനിച്ച പരിശീലകന്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. താരം ബാഴ്സ ബ്ലൂഗ്രെയ്ന്‍സിന് മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖം ഒരിക്കല്‍ കൂടി തരംഗമാവുകയാണിപ്പോള്‍.

‘കരിയറില്‍ പരിശീലനം ലഭിച്ചതില്‍ ഏറ്റവും മികച്ചത് പെപ്പിന് കീഴില്‍ കളിക്കുമ്പോഴായിരുന്നു. അദ്ദേഹം കളിയില്‍ എന്തൊക്കെ ആസൂത്രണം ചെയ്തിട്ടുണ്ടോ അതെല്ലാം അതുപോലെ സംഭവിക്കാറുണ്ട്. പെപ് കാര്യങ്ങളെ നോക്കിക്കാണുന്നതും മാച്ചിന് വേണ്ടി തയ്യാറെടുക്കുന്നതുമൊക്കെ വ്യത്യസ്ത രീതിയിലാണ്.

ബാഴ്‌സയെ ഇന്ന് കാണുന്ന നിലയിലേക്കുയര്‍ത്താന്‍ സഹായിച്ചത് അദ്ദേഹമാണ്. ഒരു താരത്തിന് കരിയറില്‍ ഉയരാന്‍ എന്തൊക്കെ ആവശ്യമുണ്ടോ അതെല്ലാം അദ്ദേഹം പരിശീലിപ്പിക്കും. പെപ്പിന് കീഴില്‍ പരിശീലനം ലഭിച്ചവര്‍ക്കെല്ലാം ഇതുതന്നെയാകും പറയാനുണ്ടാവുക,’ മെസി പറഞ്ഞു.

2008ലാണ് പെപ് ഗ്വാര്‍ഡിയോള ബാഴ്സയുടെ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. മൂന്ന് ലാ ലിഗ കിരീടങ്ങളും രണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ട്രോഫികളുമടക്കം നിരവധി റെക്കോഡുകളാണ് അദ്ദേഹത്തിന്റെ പരിശീലനത്തില്‍ ബാഴ്സ നേടിയെടുത്തത്. ബാഴ്സയില്‍ ഗ്വാര്‍ഡിയോളയുടെ ഇഷ്ടതാരമായിരുന്നു മെസി.

ബാഴ്സയിലുള്ളപ്പോള്‍ 219 മത്സരങ്ങളില്‍ നിന്ന് 211 ഗോളും 94 അസിസ്റ്റുകളുമാണ് ഗ്വാര്‍ഡിയോളയുടെ പരിശീലനത്തിന് കീഴില്‍ മെസി നേടിയത്. 2011-12 സീസണില്‍ മാത്രം 50 മത്സരങ്ങളില്‍ നിന്ന് 73 ഗോളും 32 അസിസ്റ്റുകളും നേടാന്‍ മെസിക്ക് സാധിച്ചു.

2012ലാണ് ഗ്വാര്‍ഡിയോള ബാഴ്സ വിട്ട് ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറിയത്. തുടര്‍ന്ന് 2016ല്‍ അദ്ദേഹം മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോവുകയായിരുന്നു. സിറ്റിക്കായി നാല് പ്രീമിയര്‍ ലീഗ് ടൈറ്റില്‍സാണ് ഗ്വാര്‍ഡിയോള നേടിക്കൊടുത്തത്.

അതേസമയം, മെസിയുടെ ക്ലബ്ബ് ഫുട്‌ബോള്‍ ഭാവി അനിശ്ചിതത്വത്തിലാണ്. വരുന്ന ജൂണില്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ താരം ക്ലബ്ബില്‍ തുടരുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് തന്നെ മെസി മടങ്ങുമെന്നും ബാഴ്‌സയില്‍ കരിയര്‍ അവസാനിപ്പിക്കാനാണ് താരം പദ്ധതിയിടുന്നതെന്നുമാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Content Highlights: Lionel Messi talking about his favorite coach Pep Guardiola