Football
'വിചാരിച്ചത് പോലെയെല്ലാം സംഭവിച്ചു, ഇനിയൊന്നും ആവശ്യപ്പെടാനില്ല'; മനസ് തുറന്ന് മെസി
സ്പോര്‍ട്സ് ഡെസ്‌ക്
2023 Apr 25, 02:52 am
Tuesday, 25th April 2023, 8:22 am

ഖത്തറില്‍ ലോക ചാമ്പ്യനായതോടുകൂടി അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ അന്താരാഷ്ട്ര കരിയര്‍ പൂര്‍ണമായിരിക്കുകയാണ്. 36 വര്‍ഷത്തെ അര്‍ജന്റീനയുടെ കിരീട വരള്‍ച്ച അവസാനിപ്പിച്ചതോടെ ദൈവത്തെ പോലെയാണ് താരത്തെ അര്‍ജന്റീന ആരാധകര്‍ കാണുന്നത്.

കോപ്പ അമേരിക്കയും ലോകകപ്പും നേടിയതിന് പുറമെ വ്യക്തിഗത നേട്ടങ്ങളിലും റെക്കോഡിട്ട താരം കരിയറില്‍ തനിക്കിനി ഒന്നും നേടാനില്ലെന്ന് പറഞ്ഞിരിക്കുകയാണ്. അര്‍ബന്‍ പ്ലേക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മെസി.

‘എന്റെ കരിയര്‍ അവസാനിക്കാറായപ്പോഴാണ് എല്ലാം സംഭവിച്ചത്. ദേശീയ ടീമിന് വേണ്ടി ഞാനെല്ലം നേടിക്കഴിഞ്ഞു. എന്റെ സ്വപ്നങ്ങളെല്ലാം സഫലമായി. വ്യക്തിപരമായും അല്ലാതെയും കരിയറില്‍ വേണ്ടതെല്ലാം നേടിക്കഴിഞ്ഞു.

തുടക്കത്തില്‍ എല്ലാം ഇങ്ങനെയാകുമെന്ന് ഞാന്‍ ഓര്‍ത്തതേയില്ല. എനിക്ക് ഇനിയൊരു പരാതിയോ എന്തെങ്കിലും ആവശ്യപ്പെടാനോ ഇല്ല. കോപ്പ അമേരിക്കയും ലോകകപ്പുമെല്ലാം ഞങ്ങള്‍ നേടിക്കഴിഞ്ഞു, ഇനിയൊന്നും ബാക്കിയില്ല,’ മെസി പറഞ്ഞു.

ലോകകപ്പിന് ശേഷം രാജ്യാന്തര ഫുട്ബോളില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് മെസി പ്രഖ്യാപിച്ചിരുന്നു. തനിക്കിനിയും അര്‍ജന്റീനയുടെ ചാമ്പ്യന്‍ ജേഴ്സിയില്‍ കളിക്കണമെന്നും ഫുട്‌ബോളിനെ വളരെയധികം സ്‌നേഹിക്കുന്നുണ്ടെന്നും മെസി പറഞ്ഞു.

ലോകകപ്പിലെ ആവേശോജ്വലമായ ജയത്തിന് ശേഷം മെസിയെ പുകഴ്ത്തി കോച്ച് ലയണല്‍ സ്‌കലോണി രംഗത്തെത്തിയിരുന്നു. കളിയില്‍ സഹതാരങ്ങള്‍ക്ക് വേണ്ടതെല്ലാം നല്‍കുന്ന മറ്റൊരു താരത്തെ താന്‍ മുമ്പ് കണ്ടിട്ടില്ലെന്നും ഒരു കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ടീം മേറ്റ്‌സിനോട് പ്രതിബദ്ധതയുള്ളയാളാണ് മെസി എന്നും സ്‌കലോണി പറഞ്ഞു.

ഖത്തര്‍ ലോകകപ്പില്‍ ഏഴ് ഗോളുകളും നാല് അസിസ്റ്റുകളും താരം നേടിയിരുന്നു. അഞ്ച് തുടര്‍ ലോകകപ്പുകളില്‍ അസിസ്റ്റ് ചെയ്യുന്ന ആദ്യ താരം കൂടിയാണ് മെസി.

അതേസമയം, മെസിയുടെ ക്ലബ്ബ് ഫുട്‌ബോള്‍ ഭാവി അനിശ്ചിതത്വത്തിലാണ്. പി.എസ്.ജിയുമായുള്ള കരാര്‍ വരുന്ന ജൂണില്‍ അവസാനിക്കാനിരിക്കെ താരം ക്ലബ്ബുമായി കരാര്‍ പുതുക്കുന്ന കാര്യത്തില്‍ തന്റെ തീരുമാനം അറിയിച്ചിട്ടില്ല. മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണ എഫ്.സിയിലേക്ക് തിരികെ പോകുന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഇതിനിടെ താരത്തെ സ്വന്തമാക്കാന്‍ ഡേവിഡ് ബെക്കാമിന്റെ ക്ലബ്ബായ ഇന്റര്‍ മിയാമി രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലീഗ് വണ്ണില്‍ 32 മത്സരങ്ങളില്‍ 24 ജയവും 75 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് മെസി. ഏപ്രില്‍ 30ന് ലോറിയെന്റിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlights: Lionel Messi talking about his career and achievements