| Wednesday, 14th August 2024, 12:46 pm

'ഇത് നിന്റെ കരിയർ മാറ്റിമറിക്കും' പുതിയ ലോകത്തെത്തിയ അർജന്റൈൻ താരത്തിന് മെസിയുടെ ഫോൺ കോൾ

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റന്റൈന്‍ സൂപ്പര്‍ താരം ജൂലിയന്‍ അല്‍വാരസിനെ സ്പാനിഷ് വമ്പന്‍മാരായ അത്‌ലെറ്റികോ മാഡ്രിഡ് സ്വന്തമാക്കി. ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും 75 മില്യണ്‍ യൂറോക്കാണ് താരത്തെ സ്പാനിഷ് വമ്പന്മാര്‍ തങ്ങളുടെ തട്ടകത്തെത്തിച്ചത്.

ഈ ട്രാന്‍സ്ഫര്‍ നടന്നതിനുശേഷം അര്‍ജന്റീനയുടെ ഇതിഹാസതാരം ലയണല്‍ മെസി അല്‍വാരസിനെ ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ ട്രാന്‍സ്ഫര്‍ അല്‍ വാരസിന്റെ കരിയറിനെ മറ്റൊരു ലെവലിലേക്ക് ഉയര്‍ത്തുമെന്നാണ് മെസി ഫോണില്‍ പറഞ്ഞതെന്നാണ് അര്‍ജന്റൈന്‍ ഔട്ട് ലെറ്റായ ഡയറിലോ ഒലെയുടെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്നേറ്റ നിരയില്‍ നോര്‍വിജിയന്‍ സൂപ്പര്‍താരം ഏര്‍ലിങ് ഹാലണ്ട് ഉണ്ടായതിനാല്‍ അല്‍വാരസിന് സിറ്റിയുടെ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുന്നത് കുറവായിരുന്നു. അതുകൊണ്ടുതന്നെ സ്പാനിഷ് വമ്പന്മാര്‍ക്കൊപ്പം മുഴുവന്‍ സമയവും അല്‍വാരസിന് കളിക്കാന്‍ അവസരം ലഭിക്കും.

ഈ സീസണില്‍ അത്‌ലെറ്റികോ മാഡ്രിഡില്‍ നിന്നും ഇറ്റാലിയന്‍ വമ്പന്‍മാരായ എ.സി മിലാനിലേക്ക് കൂടുമാറിയ സ്പാനിഷ് സൂപ്പര്‍ താരം അല്‍വാരോ മൊറാട്ട പോയ സാഹചര്യത്തില്‍ അര്‍ജന്റൈന്‍ താരമായിരിക്കും ടീമിന്റെ മുന്നേറ്റ നിരയിലെ പ്രധാനിയായി മാറുക.

ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സിയും ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനും ഇതിനു മുന്നേ തന്നെ താരത്തെ ടീമില്‍ എത്തിക്കാന്‍ നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതെല്ലം മറികടന്നുകൊണ്ടാണ് താരത്തെ സ്പാനിഷ് വമ്പന്മാര്‍ സ്വന്തമാക്കിയത്.

2022ല്‍ റിവര്‍ പ്ലേറ്റില്‍ നിന്നും 14 മില്യണിനാണ് അല്‍വാരസ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തുന്നത്. പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ 103 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ആല്‍വാരസ് 36 ഗോളുകളാണ് നേടിയത്.

സിറ്റിക്കൊപ്പം രണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, എഫ്.എ കപ്പ്, ചാമ്പ്യന്‍സ് ലീഗ്, ഫിഫ ക്ലബ് വേള്‍ഡ് കപ്പ്, യുവേഫ സൂപ്പര്‍ കപ്പ് എന്നീ കിരീടനേട്ടത്തില്‍ പങ്കാളിയാവാനും അല്‍വാരസിന് സാധിച്ചു.

അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ നാല് കിരീടനേട്ടങ്ങളിലും പങ്കാളിയാവാന്‍ അല്‍വാരസിന് സാധിച്ചിരുന്നു. രണ്ട് കോപ്പ അമേരിക്ക കിരീടം, ഫിഫ ലോകകപ്പ്, ഫൈനലീസീമ എന്നീ കിരീടങ്ങള്‍ ആണ് അല്‍വാരസ് സ്വന്തം രാജ്യത്തിനൊപ്പം നേടിയത്.

Content Highlight: Lionel Messi Talk with Julian Alwarez Transfer Through Phone Call

We use cookies to give you the best possible experience. Learn more