തിങ്കളാഴ്ച നടന്ന ലീഗ്‌സ് കപ്പില്‍ എഫ്.സി ഡല്ലാസിനെ പരാജയപ്പെടുത്തി ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയിരുന്നു. എഫ്.സി ഡല്ലാസിന്റെ ഹോം സ്റ്റേഡിയമായ ടൊയോട്ടയില്‍ നടന്ന മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ടീം വിജയിച്ചുകയറിയത്.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും നാല് ഗോള്‍ വീതമടിച്ച് സമനില പാലിച്ചതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ 3-5 എന്ന സ്‌കോറിനാണ് മയാമി വിജയിച്ചുകയറിയത്. മത്സരത്തില്‍ മെസി ഇരട്ട ഗോള്‍ നേടിയിരുന്നു.
ഇതോടെ ലോക ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫ്രീകിക്ക് ഗോളുകള്‍ നേടിയ താരങ്ങുടെ പട്ടികയില്‍ ഡീഗോ മറഡോണയെ മറികടന്നിരിക്കുകയാണ് മെസി. ലീഗ്സ് കപ്പില്‍ എഫ്.സി ഡല്ലാസിനെതിരെ ഇന്റര്‍ മയാമിക്ക് വേണ്ടി ഫ്രീകിക്ക് ഗോള്‍ നേടിയതോടെയാണ് മെസി മറഡോണയെ പിന്തള്ളിയത്. നിലവില്‍ മെസിക്ക് 63 ഫ്രീകിക്ക് ഗോളുകളാണുള്ളത്. ഇന്റര്‍ മയാമിയില്‍ ഇതിനോടകം രണ്ട് ഫ്രീക്ക് ഗോളുകള്‍ മെസി നേടി.
മറഡോണ (62), സീക്കോ (62), റൊണാള്‍ഡ് കോമാന്‍ (60), റൊഗേരിയോ സെനി (60) എന്നിവരെല്ലാം മെസിക്ക് പിന്നിലായി. മൂന്ന് ഫ്രീകിക്ക് ഗോളുകള്‍ കൂടി നേടിയാല്‍ ഇന്റര്‍ മയാമി സഹഉടമ കൂടിയായ ഡേവിഡ് ബെക്കാമിനെ (65) മറികടക്കാന്‍ മെസിക്ക് സാധിക്കും.
റൊണാള്‍ഡീഞ്ഞോ (66), ലെഗ്രോടാഗ്ലി (66) എന്നിവരും മെസിക്ക് മുന്നില്‍ മൂന്നും നാലും സ്ഥാനത്താണ്. 77 ഫ്രീകിക്ക് ഗോളുകള്‍ നേടിയിട്ടുള്ള മുന്‍ ബ്രസീലിയന്‍ താരം ജുനീഞ്ഞോയാണ് ഒന്നാമന്‍. 70 ഗോളുകള്‍ നേടിയ പെലെ രണ്ടാം സ്ഥാനത്തുണ്ട്.
അതേസമയം, ഡല്ലാസിനെതിരായ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മെസി ഹെറോണ്‍സിനെ മുമ്പിലെത്തിച്ചു. എഫ്.സി ഡല്ലാസ് തിരിച്ചടിക്കുകയായിരുന്നു. ഒടുവില്‍ 4-3 എന്ന നിലയില്‍ 84ാം മിനിട്ടില്‍ ഫ്രീക്കിക്കില്‍ മെസിയിലൂടെ തന്നെ മയാമി സമനില പിടിച്ചു. തുടര്‍ന്ന് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-5 ന് ഇന്റര്‍മയാമി ജയിച്ചു കയറുകയായിരുന്നു.
നാല് മത്സരങ്ങളില്‍ ഏഴുഗോളുകളാണ് മെസി ഇതുവരെ മയാമിക്കായി നേടിയിത്. താരം വന്നതിന് ശേഷം ഇന്റര്‍ മയാമി തോല്‍വി അറിഞ്ഞിട്ടില്ലെന്നതും പ്രത്യേകതയാണ്.