റൊണാള്‍ഡോയെ നോക്കുകുത്തിയാക്കി മെസിയുടെ ചരിത്ര ഗോള്‍; റോണോ ഇനി തലകുത്തി നിന്നാല്‍ പോലും ഇത് സാധിക്കില്ല!
Sports News
റൊണാള്‍ഡോയെ നോക്കുകുത്തിയാക്കി മെസിയുടെ ചരിത്ര ഗോള്‍; റോണോ ഇനി തലകുത്തി നിന്നാല്‍ പോലും ഇത് സാധിക്കില്ല!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th November 2024, 9:44 pm

മേജര്‍ ലീഗ് സോക്കറില്‍ കഴിഞ്ഞ ദിവസം നടന്ന അറ്റ്ലാന്റ യുണൈറ്റഡ് – ഇന്റര്‍ മയാമി മത്സരത്തില്‍ മെസിപ്പട പരാജയപ്പെട്ടിരുന്നു. ചെയ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു യുണൈറ്റഡിന്റെ വിജയം.

അറ്റ്ലാന്റയോട് ഒരു ഗോളിന് പരാജയപ്പെട്ടതിന് പിന്നാലെ പ്ലേ ഓഫ് കാണാതെ മയാമി പുറത്താവുകയും ചെയ്തിരുന്നു.

മത്സരത്തില്‍ ഗംഭീര പ്രകടനം തന്നെയാണ് അര്‍ജന്റൈനന്‍ ഇതിഹാസം ലയണല്‍ മെസി നടത്തിയത്. ഇന്റര്‍ മയാമിക്ക് വേണ്ടി രണ്ടാമത്തെ ഗോള്‍ നേടിയത് മെസിയായിരുന്നു. മത്സരം പരാജയപ്പെട്ടെങ്കിലും ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനാണ് മെസിക്ക് സാധിച്ചത്.

പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡ് ലയണല്‍ മെസി മറികടന്നിരിക്കുകയാണ്. മെസി കഴിഞ്ഞ ദിവസം നേടിയത് ഫുട്‌ബോള്‍ കരിയറിലെ തന്റെ 850ാം ഗോളാണ്.

ഇതോടെ ഏറ്റവും വേഗതയില്‍  850 ഗോള്‍ സ്വന്തമാക്കുന്ന താരമെന്ന നേട്ടമാണ് മെസിക്ക് സ്വന്തമാക്കാന്‍ സാധിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡ് തകര്‍ത്താണ് മെസി ഈ നേട്ടത്തില്‍ എത്തിയത്.

മെസി 1081 മത്സരങ്ങളില്‍ നിന്നാണ് 850 ഗോളുകള്‍ സ്വന്തമാക്കിയത്. എന്നാല്‍ റൊണാള്‍ഡോ 1197 മത്സരത്തില്‍ നിന്നാണ് 850 ഗോളുകള്‍ നേടിയത്. ഇതിന് പുറമെ ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും മെസി സ്വന്തമാക്കി. തന്റെ 37ാം വയസിലാണ് മെസി ഈ നേട്ടത്തിലെത്തിയത്.

കരിയറില്‍ ബാഴ്സലോണക്ക് വേണ്ടിയാണ് മെസി ഏറ്റവുമധികം ഗോള്‍ കണ്ടെത്തിയത്. 778 മത്സരത്തില്‍ നിന്നും 672 തവണയാണ് കറ്റാലന്‍മാരുടെ ജേഴ്സിയണിഞ്ഞ് മെസി സ്‌കോര്‍ ചെയ്തത്.

പി.എസ്.ജിക്കായി കളിച്ച 75 മത്സരത്തില്‍ നിന്നും 32 ഗോളടിച്ച താരം നിലവിലെ ക്ലബ്ബിനായി 39 മത്സരത്തില്‍ നിന്നും 34 ഗോളും സ്വന്തമാക്കിയിട്ടുണ്ട്. അര്‍ജന്റൈന്‍ ജേഴ്സിയില്‍ കളത്തിലിറങ്ങിയ 189 മത്സരത്തില്‍ നിന്നും 112 ഗോളാണ് താരത്തിന്റെ സമ്പാദ്യം.

 

Content Highlight: Lionel Messi Surpasses Cristiano Ronaldo