ഖത്തർ ലോകകപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അവസാനഘട്ട തയ്യാറെടുപ്പിലാണ് ടീമുകൾ.
മാരക്കാനയിൽ അവസാന നിമിഷം കൈവിട്ട് പോയ ലോകകപ്പ് ഉയർത്തിപ്പിടിക്കാൻ തയ്യാറായാണ് ഇത്തവണ മെസിയും സംഘവും ഖത്തറിലെത്തുക.
എന്നാൽ സൂപ്പർതാരങ്ങൾക്ക് തുടർച്ചയായി പരിക്കേൽക്കുന്നതാണ് ഇപ്പോൾ അർജന്റൈൻ ദേശീയ ടീമിനെ ആശങ്കയിലാഴ്ത്തുന്നത്.
ഇപ്പോഴിതാ അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസിക്ക് പരിക്കേറ്റെന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.
നിലവിൽ മെസിയുടെ ക്ലബ്ബായ പാരീസ് സെന്റ് ഷെർമാങ്ങാണ് താരത്തിന് പരിക്ക് പറ്റിയതായി സ്ഥിരീകരിച്ചത്.
അക്കിലസ് ടെൻഡൻ ഇഞ്ച്വറിയാണ് അദ്ദേഹത്തിന് പറ്റിയതെന്നും ഞായറാഴ്ച ലോറിയന്റിനെതിരെ നടക്കുന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ കളിക്കില്ലെന്നുമാണ് പി.എസ്.ജി അറിയിച്ചത്.
ഖത്തർ ലോകകപ്പിന് മുമ്പ് രണ്ട് മത്സരങ്ങളാണ് പി.എസ്.ജിക്കുള്ളത്. അവസാന മത്സരത്തിൽ മെസി കളിക്കുമോ എന്ന കാര്യം ഉറപ്പായിട്ടില്ല.
അതേസമയം മെസിയുടെ പരിക്ക് ഗുരുതരമല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
പരിക്ക് ഗുരുതരമാകാതിരിക്കാൻ മുൻ കരുതൽ എന്ന നിലക്കാണ് മെസി അടുത്ത മത്സരത്തിൽ കളിക്കാതിരിക്കുന്നത്.
ദേശീയ ടീമിന് വേണ്ടി മെസിക്ക് വ്യക്തിഗതമായി ചില സ്വതന്ത്ര തീരുമാനങ്ങളെടുക്കാമെന്ന് താരം പി.എസ്.ജിയിൽ ചേരുമ്പോൾ ധാരണയായിരുന്നു.
അതേസമയം ഈ സീസണിലെ ലീഗ് മത്സരങ്ങളിൽ അർജന്റീനയുടെ മുൻനിര താരങ്ങളായ ഏഞ്ചൽ ഡി മരിയ, പൗലോ ഡിബാല, ലിയാൻഡ്രോ പരേഡസ്, നിക്കോളാസ് ഗോൺസാലസ് എന്നിവരും ഗോൾ കീപ്പർ എമിലിയാനോ മാർടിനെസും പരിക്കുകളുടെ പിടിയിലായിരുന്നു. ലോകകപ്പിന് മുമ്പുതന്നെ താരങ്ങൾ പരിക്കിൽ നിന്ന് മുക്തരായി തിരിച്ചെത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.
കോപ്പ അമേരിക്കയും ഫൈനലിസിമ കിരീടവും നേടിയ അർജന്റീന 35 മത്സരങ്ങളുടെ അപരാജിത നേട്ടവും അക്കൗണ്ടിലിട്ടാണ് രാജ്യാന്തര പോരാട്ടത്തിനെത്തുന്നത്.
2014ൽ മാരക്കാനയിൽ ഒരു കയ്യകലത്തിലാണ് അർജന്റീനക്ക് ലോകകപ്പ് നഷ്ടമായത്. ഇത്തവണ ഒന്നുകൂടി ശക്തമാക്കിയ ടീമുമായി അങ്കത്തിനെത്തണമെന്ന അർജന്റീനയുടെ പ്രതീക്ഷക്കെതിരെയാണ് പരിക്കുകൾ വില്ലനായെത്തിയത്.
അതേസമയം ഖത്തറിലേത് അവസാന ലോകകപ്പായിരിക്കുമെന്ന് അർജന്റൈൻ ഇതിഹാസം ലയണൽ മെസി നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും അന്തിമ തീരുമാനം ലോകകപ്പിനെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Content HIghlights: Lionel Messi suffers from injury two weeks before World Cup