രണ്ട് പതിറ്റാണ്ടോളം പ്രൊഫഷണല്‍ ഫുട്ബോളില്‍ ചെലവഴിച്ച താരമാണ് അര്‍ജന്റീനയുടെ ഗോണ്‍സാലോ ഹിഗ്വെയ്ന്‍. കഴിഞ്ഞ വര്‍ഷം താരം പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. അര്‍ജന്റീനയുടെ മുന്‍ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ ഹിഗ്വെയ്ന്‍ ലോക ഫുട്ബോളിലെ ഒട്ടേറെ പ്രമുഖ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
കരിയറില്‍ കയ്‌പ്പേറിയ സാഹചര്യങ്ങളിലൂടെ കടന്നുപോയ താരമാണ് ഹിഗ്വെയ്ന്‍. മത്സരത്തില്‍ തുടര്‍ന്നപ്പോഴും വിരമിച്ചതിന് ശേഷവും വലിയ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ഒരു സമയത്ത് അര്‍ജന്റീനയുടെ തോല്‍വികളില്‍ ഹിഗ്വെയ്ന് മാത്രം വലിയ കുറ്റപ്പെടുത്തലുകള്‍ ചുമക്കേണ്ട സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.
തന്റെ സഹതാരമായിരുന്ന ഹിഗ്വെയ്‌നെ കുറിച്ച് ലയണല്‍ മെസി മുമ്പൊരിക്കല്‍ പങ്കുവെച്ച് കാര്യങ്ങള്‍ ഒരിക്കല്‍ കൂടി തരംഗമാവുകയാണിപ്പോള്‍. ആളുകള്‍ ഹിഗ്വെയ്നോട് അനീതി കാണിച്ചിരുന്നെന്നും മാധ്യമങ്ങള്‍ താരത്തെ ചൂഷണം ചെയ്തിരുന്നെന്നും പറയുകയായിരുന്നു മെസി.
‘അത്ഭുതകരമായ കരിയര്‍ അവകാശപ്പെടാനുള്ള താരമാണ് ഹിഗ്വെയ്ന്‍. അദ്ദേഹത്തിന്റെ കഴിവും പ്രകടനവും പ്രശംസനീയമാണ്. ലോകത്തിലെ വമ്പന്‍ ടീമുകള്‍ക്ക് വേണ്ടി അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുകയും കിരീടങ്ങള്‍ നേടി കൊടുക്കുകയും ചെയ്തിട്ടുണ്ട്. കോപ്പ അമേരിക്കയിലും വേള്‍ഡ് കപ്പിലും ഗോളുകള്‍ നേടുക അത്ര നിസാര കാര്യമല്ല.
മത്സരങ്ങളാകുമ്പോള്‍ പാളിച്ചകള്‍ വരാം. ഒരു കളിക്കാരനും എല്ലായിപ്പോഴും ഒരേ ഫോമില്‍ തുടരാന്‍ സാധിക്കില്ല. രണ്ട് കോപ്പ അമേരിക്ക ഫൈനലുകളിലും ഒരു വേള്‍ഡ് കപ്പ് ഫൈനലിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും മോശം ഫോമില്‍ കളിച്ച ഏതെങ്കിലും ഒരു മത്സരത്തെ വെച്ചാണ് പലരും അദ്ദേഹത്തെ ജഡ്ജ് ചെയ്തത്,” മെസി വ്യക്തമാക്കി
അര്‍ജന്റീനയുടെ പല മത്സരങ്ങളിലും ഹിഗ്വെയ്ന്‍ പ്രധാനിയായിരുന്നെന്ന് മറക്കരുതെന്നും മെസി കൂട്ടിച്ചേര്‍ത്തു. വിരമിച്ചതിന് ശേഷം നേരിടേണ്ടി വന്ന സൈബര്‍ ബുള്ളിയിങ്ങില്‍ പ്രതികരണമറിയിച്ച് ഹിഗ്വെയ്ന്‍ രംഗത്തെത്തിയിരുന്നു. തന്നെ വെറുതെ വിടണമെന്നും ഇത്തരം പ്രവണതകള്‍ മാനസിക സമ്മര്‍ദമുണ്ടാക്കുന്നതിനാല്‍ തന്റെ കുടുംബമാണ് വലയുന്നതെന്നും താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിക്കുകയായിരുന്നു.
2005ലാണ് ഹിഗ്വെയ്ന്‍ അര്‍ജന്റീനിയന്‍ ടീമായ റിവര്‍ പ്ലേറ്റിനായി തന്റെ പ്രൊഫഷണല്‍ അരങ്ങേറ്റം നടത്തിയത്. റയല്‍ മാഡ്രിഡ്, നാപ്പോളി, യുവന്റസ്, മിലാന്‍, ചെല്‍സി തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള താരം ഒരു പ്രൊഫഷണല്‍ കളിക്കാരനെന്ന നിലയില്‍ 14 പ്രധാന കിരീടങ്ങള്‍ നേടിയിട്ടുണ്ട്.