|

പി.എസ്.ജി എന്റെ ബാലണ്‍ ഡി ഓര്‍ നേട്ടത്തില്‍ സന്തോഷിക്കുമെന്ന് തോന്നുന്നില്ല; എംബാപ്പെയോട് ഒരടുപ്പമുണ്ട്: മെസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

2023ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി സ്വന്തമാക്കിയിരിക്കുകയാണ്. കരിയറിലെ എട്ടാമത്തെ ബാലണ്‍ ഡി ഓറാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. പുരസ്‌കാര നേട്ടത്തിന് പിന്നാലെ ബാലണ്‍ ഡി ഓര്‍ പാര്‍ക്ക് ഡെസ് പ്രിന്‍സസിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുമോ എന്ന് അദ്ദേഹത്തോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുകയുണ്ടായി.

പി.എസ്.ജിയിലെ ആളുകള്‍ക്ക് ഇത് കാണണമെന്ന ആഗ്രഹമുണ്ടാകുമെന്ന് തനിക്ക് തോന്നുന്നില്ലെ എന്നായിരുന്നു മെസിയുടെ മറുപടി. പി.എസ്.ജിയില്‍ തന്റെ സഹതാരമായിരുന്ന കിലിയന്‍ എംബാപ്പെയോട് തനിക്ക് അടുത്ത സൗഹൃദമുണ്ടെന്നും തങ്ങളിരുവരും പരസ്പരം പ്രശംസിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘പാരീസിയന്‍സ് എന്റെ ബാലണ്‍ ഡി ഓര്‍ കാണാന്‍ താത്പര്യപ്പെടുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ കിലിയനെ അഭിനന്ദിച്ചിരുന്നു. ഞങ്ങള്‍ രണ്ട് വര്‍ഷം പി.എസ്.ജിയില്‍ ഒരുമിച്ച് ചെലവഴിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കിടയില്‍ നല്ല സൗഹൃദമുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങള്‍ പരസ്പരം പ്രശംസിക്കാറുണ്ട്,’ മെസി പറഞ്ഞു.

മെസി പി.എസ്.ജിയില്‍ കളിക്കുമ്പോഴായിരുന്നു അര്‍ജന്റീന ഫിഫ ലോകകപ്പ് നേടുന്നത്. ഫൈനലില്‍ ഫ്രാന്‍സിനെ കീഴ്‌പ്പെടുത്തിയായിരുന്നു അര്‍ജന്റീനയുടെ നേട്ടം. ലോകകപ്പ് കിരീടം പാര്‍ക്ക് ഡെസ് പ്രിന്‍സസില്‍ ആരാധകരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്ന് മെസി ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഫ്രാന്‍സിന്റെ തോല്‍വിയില്‍ നിരാശരായതിനാല്‍ അത് ആരാധകരെയും തങ്ങളുടെ താരങ്ങളെയും വേദനിപ്പിക്കുമെന്നുമായിരുന്നു പി.എസ്.ജി പറഞ്ഞിരുന്നത്.

അര്‍ജന്റീനയുടെ ദേശീയ ടീമിലെ തന്റെ സഹതാരങ്ങളെ അവരുടെ ക്ലബ്ബുകളില്‍ നിന്ന് വേണ്ടതുപോലെ ട്രീറ്റ് ചെയ്തപ്പോള്‍ താന്‍ മാത്രമാണ് പ്രശംസിക്കപ്പെടാതെ പോയതെന്ന് മെസി മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അതേസമയം, ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയതിന് പിന്നാലെ പുരസ്‌കാര വേദിയില്‍ എംബാപ്പെയെ പ്രശംസിച്ച് ലയണല്‍ മെസി സംസാരിച്ചിരുന്നു. ബാലണ്‍ ഡി ഓര്‍ റാങ്കിങ്ങില്‍ എര്‍ലിങ് ഹാലണ്ട് രണ്ടാം സ്ഥാനത്തും കിലിയന്‍ എംബാപ്പെ മൂന്നാം സ്ഥാനത്തുമാണ്. അവാര്‍ഡ് ഏറ്റുവാങ്ങിയതിന് പിന്നാലെ ഇരുതാരങ്ങളെയും പ്രശംസിച്ച് മെസി സംസാരിക്കുകയായിരുന്നു.

‘കിലിയനോടൊപ്പം ഒരേ ക്ലബ്ബില്‍ ഞാന്‍ രണ്ട് വര്‍ഷം ചെലവഴിച്ചിട്ടുണ്ട്. അവന്റെ അപാരമായ കഴിവിനെക്കുറിച്ച് എനിക്കറിയാം. അവന്‍ വളരെ ചെറുപ്പമാണ്. ഭാവിയില്‍ അവനും ഹാലണ്ടും മികച്ച് നില്‍ക്കുന്നത് നമുക്ക് കാണാം. വളരെ പെട്ടെന്നുതന്നെ അവര്‍ ബാലണ്‍ ഡി ഓര്‍ ജേതാക്കളാകും,’ മെസി പറഞ്ഞു.

Content Highlights: Lionel Messi speaks about the possibility of exhibiting the Ballon d’Or at PSG