ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരങ്ങളിൽ ഒരാളാണ് പാരീസ് സെന്റ് ഷെർമാങ്ങിന്റെ അർജന്റൈൻ ഇതിഹാസം ലയണൽ മെസി. ബാഴ്‌സലോണയിൽ നിന്ന് കഴിഞ്ഞ സീസണിലാണ് താരം പി.എസ്.ജിയിലേക്ക് ചേക്കേറിയത്.
കരിയറിൽ പരിശീലനം നൽകിയ കോച്ചുമാരിൽ ഏറ്റവും മികച്ചതാരാണെന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ മെസി. മുൻ ബാഴ്സലോണ കോച്ച് പെപ് ഗ്വാർഡിയോളയാണ് തന്നെ അത്രമേൽ സ്വാധീനിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. ബാഴ്‌സ ബ്ലൂഗ്രെയൻസിന് നൽകിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം സംസാരിച്ചത്.
”എന്നെ പരിശീലിപ്പിച്ചതിൽ വെച്ച് ഏറ്റവും മികച്ച കോച്ചുമാരിലൊരാളാണ് പെപ്. അദ്ദേഹം എന്തൊക്കെ പ്ലാൻ ചെയ്തിട്ടുണ്ടോ അതെല്ലാം അതുപോലെ സംഭവിക്കാറുണ്ട്. പെപ് കാര്യങ്ങളെ നോക്കിക്കാണുന്നതും മാച്ചിന് വേണ്ടി തയ്യാറെടുക്കുന്നതുമൊക്കെ വ്യത്യസ്ത രീതിയിലാണ്.
ബാഴ്സയെ ഇന്ന് കാണുന്ന നിലയിലേക്കുയർത്താൻ സഹായിച്ചത് അദ്ദേഹമാണ്. ഒരു താരത്തിന് കരിയറിൽ ഉയരാൻ എന്തൊക്കെ ആവശ്യമുണ്ടോ അതെല്ലാം അദ്ദേഹം പരിശീലിപ്പിക്കും. പെപ്പിന് കീഴിൽ പരിശീലനം ലഭിച്ചവർക്കെല്ലാം ഇതുതന്നെയാകും പറയാനുണ്ടാവുക,’ മെസി പറഞ്ഞു.
2008ലാണ് പെപ് ഗ്വാർഡിയോള ബാഴ്‌സയുടെ പരിശീലകനായി ചുമതലയേൽക്കുന്നത്. മൂന്ന് ലാ ലിഗ കിരീടങ്ങളും രണ്ട് യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫികളുമടക്കം നിരവധി റെക്കോഡുകളാണ് അദ്ദേഹത്തിന്റെ പരിശീലനത്തിൽ ബാഴ്‌സ നേടിയെടുത്തത്. ബാഴ്‌സയിൽ ഗ്വാർഡിയോളയുടെ ഇഷ്ടതാരമായിരുന്നു മെസി.
ബാഴ്‌സയിലുള്ളപ്പോൾ 219 മത്സരങ്ങളിൽ നിന്ന് 211 ഗോളും 94 അസിസ്റ്റുമാണ് ഗ്വാർഡിയോളക്ക് കീഴിൽ മെസി നേടിയത്. 2011-12 സീസണിൽ മാത്രം 50 മത്സരങ്ങളിലായി 73 ഗോളുകളും 32 അസിസ്റ്റും നേടാൻ മെസിക്ക് സാധിച്ചു.
2012ലാണ് ഗ്വാർഡിയോള ബാഴ്‌സ വിട്ട് ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയത്. തുടർന്ന് 2016ൽ അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോവുകയായിരുന്നു. സിറ്റിക്കായി നാല് പ്രീമിയർ ലീഗ് ടൈറ്റിൽസാണ് ഗ്വാർഡിയോള നേടിക്കൊടുത്തത്.
Content Highlights: Lionel Messi speaks about Pep Guardiola